കാസർഗോഡ് ടോൾ പിരിവിനെതിരെ നടന്ന സമരത്തിനിടയിൽ
കാസർകോട്: കുമ്പള ടോൾവിരുദ്ധ ആക്ഷൻ കമ്മിറ്റിയുടെ പേരിൽ വാക്പോരുമായി എസ്.ഡി.പി.ഐ. കുമ്പളയിലെ ടോൾവിഷയത്തിൽ ജനകീയസമരവുമായി പ്രദേശവാസികൾ മുന്നോട്ടുപോകുമ്പോൾ വാട്സ്ആപ് ഗ്രൂപുമായി ബന്ധപ്പെട്ട വിവാദം കനക്കുകയാണ്. വിഷയം ഹൈകോടതിയിൽ എത്തിയതിനിടയിലാണ് വാട്സ്ആപ് ഗ്രൂപിൽ പോസ്റ്റിട്ടതിന്റെ പേരിൽ വിവാദം പുകയുകയാണ്. ദേശീയപാത അതോറിറ്റിയുമായും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി ചേർന്ന് സി.പി.എം സമരം പൊളിക്കുകയാണെന്നാണ് എസ്.ഡി.പി.ഐ ആരോപിക്കുന്നത്.
സി.പി.എം ഏരിയ സെക്രട്ടറിയും ജനകീയ സമരസമിതി വാട്സ്ആപ് ഗ്രൂപ് അഡ്മിനുമായ സി.എ. സുബൈറാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും അവർ ആരോപിച്ചു. മുമ്പ് പരിഹരിച്ച വിഷയങ്ങളിൽ വിവാദം സൃഷ്ടിക്കുകയും ഇതിലൂടെ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മണ്ഡലം പ്രസിഡന്റ് ഷരീഫ് പാവൂർ പറഞ്ഞു. ഇതിന് മുസ് ലിം ലീഗിലെ ചില ഭാരവാഹികൾ മൗനാനുവാദം നൽകുന്നുവെന്നും ഭാരവാഹികൾ ഇതിനെതിരെ പ്രതികരിച്ചില്ലെന്നും എസ്.ഡി.പി.ഐ ഭാരവാഹികൾ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ താജുദ്ദീൻ ഉപ്പളഗേറ്റ്, നാസർ ബംബ്രാണ, റിയാസ് എന്നിവർ സംബന്ധിച്ചു.
കാസർകോട്: സമരം തകർക്കാൻ എസ്.ഡി.പി.ഐ ശ്രമിക്കുന്നതായും ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും കുമ്പള ടോൾവിരുദ്ധ ആക്ഷൻ കമ്മിറ്റി. എല്ലാ രാഷ്ട്രീയപാർട്ടികളുമുള്ള കമ്മിറ്റിയാണ് കുമ്പള ടോൾവിരുദ്ധ ആക്ഷൻ കമ്മിറ്റി. ആദ്യ കമ്മിറ്റിയിൽ ബി.ജെ.പി പങ്കെടുത്തിരുന്നു. തുടർന്ന് പങ്കെടുക്കാത്തതിനാൽ അവരെ ഒഴിവാക്കി. എ.കെ.എം. അഷ്റഫ് എം.എൽ.എയുടെയും മറ്റ് ഭാരവാഹികളുടെയും സാന്നിധ്യത്തിലാണ് ചർച്ചകൾ നടത്തിയത്. നാലോ അഞ്ചോ തവണയാണ് സമരം നടന്നത്. അതിന് വേണ്ടത്ര മാധ്യമശ്രദ്ധ ലഭിച്ചല്ല. ഈ സമരത്തിൽ എസ്.ഡി.പി.ഐയുടെ അംഗങ്ങളുമുണ്ടായിരുന്നു.
എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന സമരം വിജയമാണെന്ന് യോഗം വിലയിരുത്തിയത്. പൊതുജനങ്ങളെ അണിനിരത്തിയുള്ള വാട്സ് ആപ് ഗ്രൂപിൽ എസ്.ഡി.പി.ഐ ജില്ല കമ്മിറ്റിയംഗം കഴിഞ്ഞ സമരത്തെ തള്ളിപ്പറയുകയും എം.എൽ.എ അറസ്റ്റ് ചെയ്യപ്പെടേണ്ട സാഹചര്യമില്ലെന്നും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് സമരമെന്നുമുള്ള ശബ്ദസന്ദേശം പ്രചരിപ്പിച്ചു. അത് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പറയുകയും തുടർന്ന് നടന്ന യോഗത്തിൽ വിഷയം പരിഹരിക്കുകയും ചെയ്തു.
എന്നാൽ, ദേശീയപാത അതോറിറ്റിയുടെ സത്യവാങ്മൂലം ഉയർത്തിക്കാട്ടി ഗ്രൂപ്പിലിട്ട് സമരത്തെ തള്ളിപ്പറയുകയാണ് എസ്.ഡി.പി.ഐ ചെയ്തത്. കുമ്പള ടോൾ വിരുദ്ധസമരത്തിന് എതിരാണ്. സമരത്തെ തകർക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് കണ്ട് എസ്.ഡി.പി.ഐ അംഗങ്ങളെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. ഇവരെ പുറത്താക്കിയ നടപടി യോഗം അംഗീകരിക്കുകയും ചെയ്തു. ജനകീയസമിതി സമരവുമായി മുന്നോട്ടുപോകുമെന്നും ആക്ഷൻ കമ്മിറ്റി വർക്കിങ് കൺവീനർ സി.എ. സുബൈർ ‘മാധ്യമ’ത്തോട് പറഞ്ഞു.
കുമ്പള: കുമ്പള ടോൾ ബൂത്ത് സമരം ശക്തിപ്രാപിക്കുന്നതിനിടെ ആക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും സമരത്തെ വഴിതിരിച്ചുവിടുകയും ചെയ്യുന്ന എസ്.ഡി.പി.ഐയെ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കാൻ കുമ്പളയിൽ ചേർന്ന യോഗം തിരുമാനിച്ചു. ചൊവ്വാഴ്ച ചേർന്ന ആക്ഷൻ കമ്മിറ്റിയാണ് ഐകകണ്ഠ്യേന തീരുമാനമെടുത്തത്. വർക്കിങ് ചെയർമാൻ അഷ്റഫ് കാർലെ അധ്യക്ഷത വഹിച്ചു.
നാസർ മൊഗ്രാൽ, മഞ്ജുനാഥ ആൾവ, എ.കെ. ആരിഫ്, ലക്ഷ്മണപ്രഭു, പൃഥ്വിരാജ് ജഗന്നാഥ ഷെട്ടി, സത്താർ അരിക്കാടി, അസീസ് കളത്തൂർ, താജുദ്ദീൻ മൊഗ്രാൽ, അബ്ദുല്ലത്തീഫ് കുമ്പള, ഖാലിദ് ബംബ്രാണ, സിദ്ദീഖ് ദണ്ഡഗോളി, ബി.എൻ. മുഹമ്മദ് അലി, സിദ്ദീഖ് ലോഗി, നിസാം, അർഷാദ് എന്നിവർ സംസാരിച്ചു. വർക്കിങ് കൺവീനർ സി.എ. സുബൈർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.