കാഞ്ഞങ്ങാട് നഗരസഭ അംഗങ്ങൾക്ക് മർച്ചന്റ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ സ്വീകരണത്തിൽ ചെയർമാൻ വി.വി. രമേശൻ സംസാരിക്കുന്നു

കാഞ്ഞങ്ങാട്ട് അനധികൃത പാർക്കിങ്ങും വഴിയോര കച്ചവടവും തടയും

കാഞ്ഞങ്ങാട്: നഗരത്തെ വെളിച്ചത്തിന്റെ നഗരമാക്കുന്നതിനൊപ്പം രാത്രി 12 വരെ കച്ചവട സ്ഥാപനങ്ങൾ തുറന്നുവെച്ച് മറ്റു നഗരങ്ങളെപോലെ നൈറ്റ് ഷോപ്പിങ് സംവിധാനം ഏർപ്പെടുത്തുമെന്ന് നഗരസഭ ചെയർമാൻ വി.വി. രമേശൻ. നഗരത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യംവെച്ച് സർവതല സ്പർശിയായ വികസനത്തിനാണ് നഗര ഭരണ സമിതി ലക്ഷ്യമിടുന്നതെന്ന് നഗരസഭയിലെ മുഴുവൻ കൗൺസിലർമാർക്കും കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ (കെ.എം.എ) നൽകിയ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ച് ചെയർമാൻ പറഞ്ഞു.

നാടിന്റെ പുരോഗതിക്കും പൊതുസമൂഹത്തിന്റെ ഉന്നതിക്കും കക്ഷിരാഷ്ട്രീയത്തിനതീതമായ ഭരണത്തെയാണ് നഗരസഭ വിഭാവനം ചെയ്യുന്നത്. ഇതിന് വ്യാപാരി സമൂഹത്തിന്റെയും സന്നദ്ധ സംഘടനകളുടെയും ഉൾപ്പെടെ മുഴുവൻ ജനവിഭാഗത്തിന്റെയും സഹകരണം ഉണ്ടാകണമെന്ന് ചെയർമാൻ അഭ്യർഥിച്ചു. നഗരഭരണം പൂർണമായും അഴിമതി രഹിതമായിരിക്കും ട്രാഫിക് പരിഷ്കാരം നടപ്പാക്കി മികച്ച പാർക്കിങ് സൗകര്യം ഏർപ്പെടുത്തും. എല്ലാ വിഭാഗത്തിലുംപെട്ട സ്ഥാപനങ്ങളെ നഗരത്തിലെത്തിക്കും തുടങ്ങിയവയാണ് പ്രധാനമായും ലക്ഷ്യം വക്കുന്നത്.

കെ.എം.എ പ്രസിഡന്റ് സി.കെ. ആസിഫ് അധ്യക്ഷതവഹിച്ചു. നഗരത്തിലെ ട്രാഫിക് സംവിധാനത്തിലുള്ള അപാകതകളെ സംബന്ധിച്ചും വ്യാപാരികൾ അനുഭവിക്കുന്ന പ്രയാസങ്ങളെയും സ്ഥാപനങ്ങളിലെത്തുന്ന ഇടപാടുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയും അദ്ദേഹം ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തെരുവ് വ്യാപാര ശൃംഖലകളുടെ പിന്നിൽ വൻകിട മാഫിയ സംഘങ്ങളാണുള്ളത്. അവരെ നിയന്ത്രിക്കാൻ കർശന നടപടികൾ വേണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ആവശ്യപ്പെട്ടു. രാംനാഥ് ഷേണായി, ഉമേശ് റാവു എന്നിവരുടെ കുടുംബങ്ങൾക്കുള്ള വ്യാപാരി സുരക്ഷ പദ്ധതി ധനസഹായം വിതരണം ചെയ്തു.

നഗരസഭ വൈസ് ചെയർപേഴ്സൻ ലത ബാലകൃഷ്ണൻ, സ്ഥിരം സമിതി ചെയർമാന്മാരായ എം.പി. ജാഫർ, എം. വിജയൻ, ഫൗസിയ ഷെരീഫ്, എം. സുമതി, എം. പ്രശാന്ത്, കെ.എം.എ വൈസ് പ്രസിഡന്റ് പി. മഹേഷ്, ട്രഷറർ ആസിഫ് മെട്രോ എന്നിവർ സംസാരിച്ചു. കെ.എം.എ ജനറൽ സെക്രട്ടറി ഐശ്വര്യ കുമാരൻ സ്വാഗതം പറഞ്ഞു. അജാനൂർ ഗ്രാമപഞ്ചായത്ത് അംഗം ഖാലിദ് അറബിക്കാടത്തിനെ ആദരിച്ചു.

Tags:    
News Summary - Illegal parking and roadside vending will be banned in Kanhangad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.