കാസർകോട് ഭാഗത്തേക്കുള്ള മൂന്നുവരി പാതയോടുകൂടിയുള്ള പുതിയ പാലവും തലപ്പാടി
ഭാഗത്തേക്കുള്ള രണ്ടുവരി മാത്രമുള്ള പഴയ പാലവും
കാസർകോട്: മൊഗ്രാൽ പാലം പുനർനിർമിക്കാതെ ഹൈവേ നിർമാണം പൂർത്തിയാക്കാനുള്ള അധികൃതരുടെ നീക്കം വൻ പ്രതിഷേധത്തിന് കാരണമാകുന്നു. പ്രസ്തുത റീച്ചിൽ കാസർകോട്ടുനിന്ന് തലപ്പാടി ഭാഗത്തേക്ക് സ്ലിപ് റോഡ് കഴിഞ്ഞാൽ അവിടെനിന്ന് മൊഗ്രാൽ പാലം വഴി പോകാൻ സർവിസ് റോഡോ നടപ്പാതയോ ഇല്ലാത്തത് ജനങ്ങൾ ഭീതിയോടെയാണ് കാണുന്നത്. മാത്രമല്ല, ഇവിടെ ശാസ്ത്രീയമായ ഡ്രെയ്നേജ് സംവിധാനമില്ലാത്തതും ദുരിതമിരട്ടിപ്പിക്കും.
മൊഗ്രാൽ പാലം പുനർനിർമിക്കാത്തതുമൂലം ഇവിടെയെത്തുമ്പോൾ മൂന്നുവരി ഹൈവേ രണ്ടുവരിയായി ചുരുങ്ങുകയും ചെയ്യുന്നു. കണ്ണൂരിൽനിന്നടക്കം വിവിധ ആവശ്യങ്ങൾക്കായി മംഗളൂരുവിലേക്ക് നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പാലത്തിലെത്തുമ്പോൾ പൊടുന്നനെ പാത രണ്ടായി ചുരുങ്ങുന്നത് വേഗത്തിൽ വരുന്ന വാഹനങ്ങൾ പരസ്പരം കൂട്ടിമുട്ടി വൻ അപകടങ്ങളിൽപെടാനുള്ള സാധ്യത ഏറെയാണ്. പഴയ മൊഗ്രാൽ പാലം പൊളിച്ച് മൂന്നുവരിയാക്കി പുനർനിർമിക്കുകയും സർവിസ് റോഡ് സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂവെന്നും ജനങ്ങളുടെ ആശങ്കയകറ്റണമെന്നും മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ് ടി.കെ. അൻവർ, ജന. സെക്രട്ടറി എം.എ. മൂസ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.