എ​ൽ.​ഡി.​എ​ഫ് വ​ട​ക്ക​ൻ​മേ​ഖ​ല ജാ​ഥ കു​മ്പ​ള​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉദ്ഘാടനം ചെയ്യുന്നു

വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എൽ.ഡി.എഫ് ജാഥക്ക് തുടക്കം

കുമ്പള: വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കോൺഗ്രസിനേയും ലീഗിനേയും കടന്നാക്രമിച്ചും എൽ.ഡി.എഫ് വടക്കൻമേഖല ജാഥക്ക് കുമ്പളയിൽ തുടക്കമായി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ കേരളത്തോട് വലിയ അവഗണനയാണ് കാട്ടുന്നതെന്നും ബജറ്റിൽ കേരളത്തെക്കുറിച്ച് ഒന്നും പറയാൻ ധനമന്ത്രിക്കുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ എൽ.ഡി.എഫ് വടക്കൻമേഖല ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഞായറാഴ്ച ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ കേരളത്തിന്റെ പ്രധാന ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല. പുതിയ റെയിൽവേ ലൈൻ വേണമെന്നത് കേരളം ആവശ്യപ്പെടുന്നതാണ്.

അത് നമുക്ക് നൽകിയില്ല. കേരളത്തിന്റെ എക്കാലത്തേയും ആവശ്യമാണ് എയിംസ് വേണമെന്നത്. അതും കേന്ദ്രം പരിഗണിച്ചതേയില്ല. എന്താണ് ഇതിൽ കേരളത്തിനുള്ള അയോഗ്യത എന്ന് മനസ്സിലാകുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ പലതും നടക്കുമെന്നും തങ്ങളുടെ ക്ഷേമത്തിന് എൽ.ഡി.എഫാണ് നല്ലതെന്നും ജനങ്ങൾ മനസ്സിലാക്കിയതുകൊണ്ടാണ് അവർ എൽ.ഡി.എഫിനെ വീണ്ടും അധികാരത്തിലേറ്റിയത്. ഇതിനെ തടുക്കാൻ യു.ഡി.എഫ് പല കുത്സിത പ്രവർത്തനവും നെറികെട്ട ആരോപണങ്ങളും ഉന്നയിച്ചെങ്കിലും അതൊന്നും കേരളജനത ചെവിക്കൊണ്ടില്ല.

അവർ 99 സീറ്റെന്ന വർധിച്ച ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിനെ വീണ്ടും അധികാരത്തിലേറ്റുകയായിരുന്നു. കേന്ദ്രസർക്കാറിന്റെ കേരളത്തോടുള്ള അവഗണനയിലോ സാമ്പത്തികമായി ഞെരുക്കുന്നതിലോ മറ്റ് വിഷയങ്ങളിലോ ഒരു വാക്കിലോ നോക്കിലോ വിമർശിക്കാൻ നമ്മുടെ പ്രതിപക്ഷം തയാറാകുന്നില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും കേരളത്തിലെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസും ലീഗും ഒരേ സമീപനമാണ് സ്വീകരിക്കുന്നത്.

കഴിഞ്ഞ 10 വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണകാലത്ത് വിവിധ മേഖലകളില്‍ പൂര്‍ത്തീകരിച്ചതും നടന്നുവരുന്നതുമായ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനുമാണ് ജാഥ. ജാഥയുടെ ആദ്യദിവസം നുള്ളിപ്പാടിയിൽ സമാപിച്ചു. ഉദുമ മണ്ഡലത്തിലെ സ്വീകരണം തിങ്കളാഴ്ച രാവിലെ 10ന് പെരിയാട്ടടുക്കത്തും കാഞ്ഞങ്ങാട് മണ്ഡലത്തിലെ സ്വീകരണം മൂന്നിന് കോട്ടച്ചേരിയിലും തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ സ്വീകരണം വൈകീട്ട് നാലിന് കാലിക്കടവിലുമാണ് നടക്കുക. തുടര്‍ന്ന ജാഥ കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.

കേന്ദ്രബജറ്റിൽ കേരളത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല -എം.വി. ഗോവിന്ദൻ

കാസർകോട്: ഞായറാഴ്ച അവതരിപ്പിച്ച കേന്ദ്രബജറ്റിൽ കേരളത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വടക്കൻ മേഖല മുന്നേറ്റജാഥ സംബന്ധിച്ച് വിശദീകരിക്കാൻ ചേർന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 12ന്റെ ദേശീയ പണിമുടക്കിന് ഐക്യദാർഢ്യംപ്രകടിപ്പിച്ച് അന്നേദിവസം വികസനമുന്നേറ്റ ജാഥ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജാഥ അംഗങ്ങളും പങ്കെടുത്തു.

Tags:    
News Summary - LDF march begins by listing development achievements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.