കാഞ്ഞങ്ങാട്: പാറപ്പള്ളി അമ്പലത്തറ ജി.വി.എച്ച്.എസ്.എസ് വിദ്യാലയത്തിൽ പ്രാചീന ഗുഹ കണ്ടെത്തി. വിദ്യാലയ വളപ്പിൽ കാടുപിടിച്ചുകിടക്കുന്ന ഭാഗത്താണ് ഗുഹ കണ്ടെത്തിയത്. വിദ്യാലയത്തിലെ സ്കൂൾ സോഷ്യൽ സർവിസ് സ്കീം വൃത്തിയാക്കുകയും ഹെഡ്മാസ്റ്റർ പി.വി. രാജേഷ്, പി.ടി.എ പ്രസിഡന്റ് ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശന യോഗ്യമാക്കുകയും ചെയ്തു.
ചരിത്രാവശേഷിപ്പുകളുടെ കാഴ്ച വിദ്യാലയത്തിൽ കുട്ടികൾക്ക് ഒരുക്കിക്കൊടുത്തു. ചരിത്രപൈതൃകം സംരക്ഷിക്കേണ്ട ആവശ്യകത തിരിച്ചറിഞ്ഞ് സംരക്ഷിക്കുന്നതായി പ്രധാനാധ്യാപകൻ പി.വി. രാജേഷ് പറഞ്ഞു. കൂടുതൽ പ്രവർത്തനങ്ങളിലൂടെ ഗുഹാപരിസരത്തെ ജൈവപാർക്കായി മാറ്റിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്കും നാട്ടുകാർക്കുമായി ‘കൽ പ്രകാശം’ പേരിൽ ഗുഹാപ്രദർശനം നടത്തി. പ്രാദേശികമായി ഗുഹക്ക് മാളി എന്നാണ് ആദ്യകാലത്ത് ജനങ്ങൾ വിളിച്ചിരുന്നത്.
കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ ചരിത്രാധ്യാപകനായ നന്ദകുമാർ കോറോത്ത് ഗുഹാപ്രദർശനം ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ജയകുമാർ അധ്യക്ഷത വഹിച്ചു. സാമൂഹിക ശാസ്ത്രം സ്കൂൾ അധ്യാപകൻ രാഹുൽ പദ്ധതി വിശദീകരണം നടത്തി. അബൂബക്കർ, ചോയി അമ്പു, നാരായണൻ മാടിക്കാൽ, ടി.വി. പ്രമോദ് എന്നിവർ സംസാരിച്ചു. വിവിധ പ്രദേശങ്ങളിൽനിന്ന് ഗുഹ കാണാൻ ആളുകൾ എത്തുന്നുണ്ട്. പ്രധാനാധ്യാപകൻ രാജേഷ് സ്വാഗതവും ലീഡർ പാർവണേന്ദു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.