കുമ്പള ടോൾ; പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം

കുമ്പള: ദേശീയപാത ആരിക്കാടിയിലെ അന്യായ ടോൾഗേറ്റ് പിരിവ് കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെ ഇടക്കിടെ പിരിവ് നടത്താനും കുഴപ്പമുണ്ടാക്കിക്കാനും ടോൾഗേറ്റ് ജീവനക്കാരും കുമ്പള പൊലീസും നടത്തുന്ന ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്നും ടോൾപിരിവിൽ പൊലീസിന്റെ റോളും അമിത താൽപര്യവും അന്വേഷണവിധേയമാക്കണമെന്നും മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ടോൾഗേറ്റിൽ പൊലീസ് കാട്ടിയ അതിക്രമങ്ങളും കുടുംബസമേതം സഞ്ചരിക്കുകയായിരുന്ന യാത്രക്കാരനോടുള്ള മോശമായ പെരുമാറ്റവും സംസ്ഥാന ഡി.ജി.പിക്ക് തെളിവുസഹിതം പരാതി നൽകാനും ദേശീയവേദി യോഗം തീരുമാനിച്ചു.

കുമ്പള പൊലീസിന്റെ നരനായാട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി എം.എൽ.എ

കുമ്പള: തലപ്പാടിയിൽ ഒരു ടോൾ ബൂത്ത് ഉണ്ടായിരിക്കെ ദൂരപരിധി ലംഘിച്ച് 22 കിലോമീറ്ററിൽ കുമ്പള ആരിക്കാടിയിലെ രണ്ടാം ടോളിൽ പണമടച്ചിട്ടും വാഹനങ്ങളെ തടഞ്ഞുവെക്കുന്ന ബാരിയർ തന്റെ കാറിന് മുകളിൽ വീണ് ഇടിച്ചതിനെ ചോദ്യം ചെയ്‌ത യാത്രക്കാരനെ കുമ്പള സി.ഐയുടെ നേതൃത്വത്തിൽ കാറിൽനിന്ന് വലിച്ചിഴച്ച് കൊണ്ടുപോയത് അപലനീയവും പ്രതിഷേധാർഹമാണെന്ന് എ.കെ.എം അഷ്‌റഫ്‌ എം.എൽ.എ.

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. അത്യാവശ്യ വാഹനങ്ങൾക്ക്‌ പോകാൻ സൗകര്യമില്ലാത്തതിനാൽ ആംബുലൻസടക്കമുള്ള വാഹനങ്ങൾ നീണ്ട ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത് പതിവാണ്.

നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി -പി.ഡി.പി

കുമ്പള: ആരിക്കാടിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ടോൾഗേറ്റിൽ യാത്രക്കാരോട് പൊലീസ് നടത്തിയ ക്രൂരമായ ആക്രമണം ജനാധിപത്യമൂല്യങ്ങളോടും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പി.ഡി.പി കുമ്പള പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ആക്രമണം അഴിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പി.ഡി.പി ആവശ്യപ്പെട്ടു.

ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് എസ്.ഡി.പി.ഐ

കുമ്പള: ടോൾ പിരിവിന്റെ മറവിൽ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് എസ്.ഡി.പി.ഐ കുമ്പള പഞ്ചായത്ത് സെക്രട്ടറി ഷാനിഫ് മൊഗ്രാൽ. കുട്ടികൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവാവിനെ കാറിൽനിന്ന് വലിച്ചിഴച്ചുകൊണ്ടുപോയ പൊലീസ് നടപടി പൊലീസിന്റെ ഗുണ്ടായിസമാണെന്നും ഷാനിഫ് മൊഗ്രാൽ ആരോപിച്ചു.

Tags:    
News Summary - Kumbla toll; Widespread protest against police action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.