കാഞ്ഞങ്ങാട്: പൂച്ചക്കാട്ടെ പ്രവാസിവ്യവസായി അബ്ദുൽ ഗഫൂർ ഹാജി കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. മന്ത്രവാദിനി ജിന്നുമ്മ ഉൾപ്പെടെ ഏഴു പ്രതികളുള്ള പ്രമാദമായ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ രണ്ടുപേർ വിദേശത്താണ്. ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഡി.സി.ആർ.ബി ഡിവൈ.എസ്.പി ജോൺസൺ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതിയിലാണ് ശനിയാഴ്ച കുറ്റപത്രം സമർപ്പിച്ചത്. കേസിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി മൂന്നു മാസത്തിനകമാണ് കുറ്റപത്രം സമർപ്പിച്ചത്.
മാങ്ങാട് കുളിക്കുന്നിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഉബൈസ്, ഭാര്യ ജിന്നുമ്മ എന്ന ഷമീന, പൂച്ചക്കാട് സ്വദേശികളായ അസ്നിഫ, സൈഫുദ്ദീൻ ബാദുഷ, ഷമാസ് മധൂർ, കൊല്യയിലെ ആയിഷ, മൗവ്വലിലെ ഉവൈസ് എന്നിവരാണ് പ്രതികൾ. ഒന്നു മുതൽ മൂന്നുവരെയുള്ള പ്രതികൾക്കെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അബ്ദുൽ ഗഫൂർ ഹാജിയിൽനിന്ന് കൈക്കലാക്കിയ 596 പവൻ ആഭരണങ്ങൾ ബാങ്കുകളിൽ പണയപ്പെടുത്താൻ സഹായിച്ചതിനാണ് ആയിഷയെ കേസിൽ പ്രതി ചേർത്തത്. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു. മറ്റു പ്രതികൾ റിമാൻഡിലാണ്.
തട്ടിയെടുത്ത സ്വർണാഭരണങ്ങളിൽനിന്ന് 117 പവൻ സ്വർണവും പ്രതികൾ ഉപയോഗിച്ച വാഹനങ്ങളും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2024 ഡിസംബർ രണ്ടിനാണ് മുഖ്യപ്രതികളെ അറസ്റ്റ് ചെയ്തത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂർത്തീകരിച്ചത്. 2023 ഏപ്രിൽ 14ന് രാത്രിയിലാണ് അബ്ദുൽ ഗഫൂർ ഹാജി കൊല്ലപ്പെട്ടത്. സംഘം ചുമരിൽ ഇടിച്ചാണ് ഗഫൂർ ഹാജിയെ കൊലപ്പെടുത്തിയത്. 1758 പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണസംഘം തയാറാക്കിയത്. നൂറുകണക്കിന് ഡിജിറ്റൽ തെളിവുകളും ശേഖരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.