കുമ്പള ബദ്രിയാനഗറിൽ മാലിന്യം തള്ളിയത് പഞ്ചായത്തധികൃതർ സന്ദർശിക്കുന്നു
മൊഗ്രാൽ: കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ ബദ്രിയനഗർ ചെങ്കൽ ക്വാറിക്ക് സമീപം മാലിന്യ നിക്ഷേപകേന്ദ്രമായി മാറുന്നതായി പരാതി. മാലിന്യം ശേഖരിക്കാൻ പഴുതടച്ച സംവിധാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഹരിത കർമസേന വഴി നടപ്പാക്കിയിട്ടും ജനവാസമേഖലകളിൽ മാലിന്യം വലിച്ചെറിയുന്നതിന് ഒരു കുറവുമില്ലെന്നതിന്റെ നേർക്കാഴ്ചയാണ് ബദ്രിയനഗറിലെ മാലിന്യക്കൂമ്പാരം. രാത്രിയുടെ മറവിലാണ് ഇരുചക്രവാഹനങ്ങളിലും മറ്റും മാലിന്യം തള്ളുന്നത്. മാലിന്യം കുന്നുകൂടിയതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. സമീപത്തൊന്നും സി.സി.ടി.വി സംവിധാനങ്ങളില്ലാത്തതാണ് വ്യാപകമായി ഇവിടെ മാലിന്യം തള്ളാൻ കാരണമെന്ന് പരിസരവാസികൾ പറയുന്നു.
ഹോട്ടലുകളിൽനിന്നും വ്യാപാരസ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നുമുള്ള മാലിന്യം പ്ലാസ്റ്റിക് കെട്ടുകളാക്കിയാണ് ജനവാസമേഖലയിൽ വലിച്ചെറിയുന്നത്. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ജില്ലയിൽ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് പഴുതടച്ച നടപടികളും പിഴയും ചുമത്തുമ്പോഴാണ് ബദ്രിയാനഗറിൽ ഇത്തരത്തിൽ മാലിന്യം വലിച്ചെറിയുന്നത്. കാറ്റിൽ വീടുകളിലെ പറമ്പിലും കിണറുകളിലും മറ്റും ഇവ വീണ് ശുദ്ധജലം മലിനമാകുന്നതായും ദുർഗന്ധം വമിക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നുണ്ട്. പരാതിയെ തുടർന്ന് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൽ ഖാദർ ഹാജിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥസംഘവും സംഭവസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.