കാഞ്ഞങ്ങാട്: കോട്ടിക്കുളം തൃക്കണ്ണാട് റെയിൽപാളത്തിൽ ഇരുമ്പുപാളി വെച്ച് ട്രെയിൻ അപകടത്തിൽപെടുത്താൻ ശ്രമിച്ച യുവതി പിടിയിൽ. തമിഴ്നാട് കള്ളകുറിച്ചി സ്വദേശിനി വി. കനകവല്ലിയാണ് (22) അറസ്റ്റിലായത്. കഴിഞ്ഞ 20ന് വൈകീട്ട് തൃക്കണ്ണാട് റെയിൽപാളത്തിനു മുകളിൽ റെയിൽവേ ഉപയോഗിക്കുന്ന കർവ് റഫറൻസ് പില്ലർ എടുത്തുവെച്ച് അപകടം വരുത്താൻ ശ്രമിച്ച സംഭവത്തിലാണ് പ്രതി പിടിയിലായത്. ബേക്കൽ പൊലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.
ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദേശാനുസരണം ബേക്കൽ ഡി വൈ.എസ്.പി സി.കെ. സുനിൽകുമാർ റെയിൽവേ സംരക്ഷണസേനയെകൂടി ചേർത്ത് പ്രത്യേക ടീം രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയത്. കനകവല്ലിയും കുടുംബവും പള്ളിക്കര അരളിക്കട്ട എന്ന സ്ഥലത്ത് താമസിച്ച് ആക്രിസാധനങ്ങൾ പെറുക്കി വില്പന നടത്തുന്നവരാണ്. പാളത്തിൽ വെച്ച കർവ് റഫറൻസ് പില്ലർ നീളത്തിലുള്ള ഉരുക്കുകമ്പിയും അറ്റത്ത് കോൺക്രീറ്റ് കട്ടയുമാണ്. 30 കിലോയിലധികം തൂക്കം വരുന്ന ഉരുക്കുകമ്പി പാളത്തിൽ െവച്ചിരുന്നത് മറുവശത്തെ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് കാണാൻ ഇടയായതുകൊണ്ടാണ് അതേസമയം കടന്നു പോകേണ്ടിയിരുന്ന ചെന്നൈ എക്സ്പ്രസ് പകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ ചോദ്യംചെയ്തു. നിരവധി കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം കനകവല്ലിയിലേക്ക് എത്തിയത്. ട്രെയിൻ തട്ടി കോൺക്രീറ്റ് കട്ട ഇളകിമാറിക്കിട്ടി ഉരുക്കുകമ്പി വില്പന നടത്തുന്നതിനാണ് ഇങ്ങനെ പാളത്തിൽെവച്ചതെന്ന് കനകവല്ലി അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിൻ, റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് പാലക്കാട് ഇൻസ്പെക്ടർ എൻ. കേശവദാസ്, ആർ.പി.എഫ് മംഗളൂരു ഇൻസ്പെക്ടർ എം. അക്ബർ അലി, എസ്.ഐ. അജിത് അശോക്, ബേക്കൽ എസ്.ഐ എം. രജനീഷ്, എസ്.ഐ സാജു തോമസ്, എ.എസ്.ഐ ബിനോയ് കുര്യൻ, പൊലീസുകാരായ പ്രമോദ്, സുധീർ ബാബു, സനീഷ് കുമാർ വിജേഷ്, ദിലീദ്, പദ്മ, കോൺസ്റ്റബിൾമാരായ ശ്രീകാന്ത്, അജീഷ്, രാമകൃഷ്ണൻ, രാജേഷ്, സത്താർ എന്നിവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.