അറുമുഖൻ
കാസർകോട്: എ.ടി.എം കൗണ്ടറുകളിലേക്ക് നിറക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ പട്ടാപ്പകൽ തട്ടിയ സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. തമിഴ്നാട് ഡിണ്ഡിഗൽ സ്വദേശി അറുമുഖൻ എന്ന കിട്ടുവിനെയാണ് (54) ഛത്തിസ്ഗഢ് റായിപുരിൽ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. 2024 മാർച്ച് 27ന് ഉച്ച രണ്ടിന് ഉപ്പള ടൗണിലെ എ.ടി.എം കൗണ്ടറുകളിൽ നിറക്കാൻ വന്ന അരക്കോടി രൂപയടങ്ങിയ പെട്ടി വാഹനത്തിന്റെ ഗ്ലാസ് തകർത്ത് കവർച്ചചെയ്ത കേസിലാണ് അറസ്റ്റ്. കേസിലെ മറ്റ് രണ്ടു പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യ ഏജൻസി എ.ടി.എമ്മുകളിൽ നിറക്കാൻ കൊണ്ടുവന്ന പണമാണ് വാഹനത്തിലെ ജീവനക്കാർ എ.ടി.എം കൗണ്ടറിലേക്ക് പോയ സമയത്ത് വാഹനത്തിന്റെ ഗ്ലാസ് തകർത്ത് പെട്ടിയിൽ സൂക്ഷിച്ചിരുന്ന പണം കവർച്ചചെയ്തത്. തമിഴ്നാട്ടിലെ കുപ്രസിദ്ധ റാംജി നഗർ ഗ്യാങ് അംഗമാണ് അറുമുഖൻ. ഛത്തിസ്ഗഢിൽ മറ്റൊരു കേസിൽ ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയ വിവരം ലഭിച്ചതിനെ തുടർന്നാണ് മഞ്ചേശ്വരം പൊലീസ് റായ്പുരിൽ എത്തി വലവിരിച്ചത്. നൂറോളം സി.സി.ടി.വി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞിരുന്നത്. മഞ്ചേശ്വരം സ്റ്റേഷനിലെത്തിച്ച പ്രതിയെ വിശദമായി ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.