വോട്ടെണ്ണൽ: ജില്ല ഒരുങ്ങി; ആദ്യം തപാൽ

കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ നടക്കും. ജില്ലയിൽ വോട്ടെണ്ണൽ നടപടിക്രമങ്ങൾ പൂർത്തിയായതായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. രാവിലെ എട്ടിന് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. മഞ്ചേശ്വരം, കാസർകോട്, ഉദുമ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കാസർകോട് ഗവ. കോളജിലെ കേന്ദ്രങ്ങളിലും കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂൾ കേന്ദ്രങ്ങളിലും നടക്കും.

വോട്ടെണ്ണൽ സംവിധാനങ്ങൾ

ഉദ്യോഗസ്ഥ വിന്യാസം: 540 ഉദ്യോഗസ്ഥരെയാണ് ജില്ലയിൽ വോട്ടെണ്ണൽ പ്രക്രിയക്കായി നിയോഗിച്ചിട്ടുള്ളത്. ഇതിൽ ആർ.ഒമാർ, അഡീഷനൽ എ.ആർ.ഒമാർ, സൂക്ഷ്മനിരീക്ഷകർ (മൈക്രോ ഒബ്സർവർ), കൗണ്ടിങ് സൂപ്പർവൈസർമാർ, കൗണ്ടിങ് അസിസ്റ്റന്റുമാർ എന്നിവർ ഉൾപ്പെടുന്നു.

ക്രമീകരണം

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണുന്നതിനായി പരമാവധി 14 കൗണ്ടിങ് മേശകൾ വീതം സജ്ജീകരിക്കും. ഒരു റൗണ്ടിൽ പരമാവധി 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. പരമാവധി 17 റൗണ്ടുകളിലായാണ് വോട്ടെണ്ണുക. ആദ്യം എണ്ണിത്തുടങ്ങുന്നത് പോസ്റ്റൽ ബാലറ്റുകളായിരിക്കും. 500ൽ താഴെ ബാലറ്റുകൾക്ക് ഒരു മേശ എന്ന ക്രമത്തിൽ പ്രത്യേക കൗണ്ടിങ് ടേബിളുകളും ഇതിനായി എ.ആർ.ഒമാരെയും നിയോഗിച്ചിട്ടുണ്ട്. പരിശോധനയിൽ കൃത്യത ഉറപ്പുവരുത്തുന്നതിനായി ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ നിർബന്ധമായും എണ്ണുന്നതാണ്.

സ്ട്രോങ് റൂമുകൾ തുറക്കൽ

സ്ഥാനാർഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ, ഇ.സി.ഐ ഒബ്‌സർവറുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സാക്ഷ്യപത്രത്തോടെ വിഡിയോ റെക്കോഡിങ്ങോടുകൂടിയായിരിക്കും പോളിങ് സാമഗ്രികൾ സൂക്ഷിച്ച സ്ട്രോങ് റൂമുകൾ തുറക്കുക. വോട്ടെണ്ണൽ വേളയിൽ കൺട്രോൾ യൂനിറ്റിനൊപ്പം ഫോം 17 സി കൂടി മേശപ്പുറത്ത് വെക്കുന്നതാണ്.

ഏജന്റുമാർക്കുള്ള നിർദേശങ്ങൾ

  • ഹാജരാകേണ്ട സമയം: വോട്ടെണ്ണൽ നിശ്ചയിച്ചിട്ടുള്ള സമയത്തിന് ഒരു മണിക്കൂർ മുമ്പെങ്കിലും നിയമന ഉത്തരവിന്റെ (ഫോം 18) പകർപ്പ് റിട്ടേണിങ് ഓഫിസർക്ക് സമർപ്പിക്കണം.
  • തിരിച്ചറിയൽ കാർഡ്
  • വോട്ടെണ്ണൽ ഹാളിൽ ഏജന്റുമാരും സ്ഥാനാർഥികളും ഔദ്യോഗിക തിരിച്ചറിയൽ കാർഡ് വ്യക്തമായി പ്രദർശിപ്പിക്കണം.
  • നിയന്ത്രണങ്ങൾ
  • ഇ.വി.എമ്മുകളോ മറ്റ് തെരഞ്ഞെടുപ്പ് രേഖകളോ കൈകാര്യം ചെയ്യാൻ ഏജന്റുമാർക്ക് അനുവാദമില്ല.

ഉദ്യോഗസ്ഥ വിന്യാസം

40 ശതമാനം റിസർവോടെയാണ് ഉദ്യോഗസ്ഥരെ വോട്ടെണ്ണൽ ചുമതലകൾക്കായി വിന്യസിച്ചിരിക്കുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളിലും 14 വീതം ഇ.വി.എം ടേബിളുകൾ ഉണ്ടായിരിക്കും.

ഡ്രൈഡേ

വോട്ടെണ്ണൽ ദിനമായ മേയ് നാലിന് സർക്കാർ ഡ്രൈഡേ പ്രഖ്യാപിച്ചു; മദ്യവിൽപന ശാലകൾ പ്രവർത്തിക്കില്ല സംസ്ഥാനത്ത് മദ്യനിരോധനം (ഡ്രൈഡേ) ഏര്‍പ്പെടുത്തിയിരിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരമാണ്. ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, ക്ലബുകള്‍, മദ്യഷാപ്പുകള്‍ തുടങ്ങി മദ്യം വിളമ്പുന്നതോ വില്‍ക്കുന്നതോ ആയ എല്ലാ പൊതു-സ്വകാര്യ ഇടങ്ങളിലും നിയന്ത്രണം ബാധകമായിരിക്കും. സ്റ്റാര്‍ ഹോട്ടലുകള്‍, നോണ്‍-പ്രൊപ്രൈറ്ററി ക്ലബുകള്‍ എന്നിവയുള്‍പ്പെടെ ഏത് തരത്തിലുള്ള മദ്യ ലൈസന്‍സ് ഉള്ള സ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങളില്‍ മദ്യം വിളമ്പാന്‍ അനുമതി ഉണ്ടായിരിക്കില്ല. വ്യക്തികള്‍ മദ്യം സംഭരിച്ചുവെക്കുന്നതിനും കര്‍ശന നിയന്ത്രണമുണ്ട്. അനധികൃതമായി മദ്യം സൂക്ഷിക്കുന്നവര്‍ക്കെതിരെ എക്‌സൈസ് നിയമപ്രകാരം നടപടി സ്വീകരിക്കും.

Tags:    
News Summary - Vote counting: District ready; first postal vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.