നീലേശ്വരം വെടിക്കെട്ടപകടത്തിൽ പൊള്ളലേറ്റ അലന് അമ്മ വിത്സി ഭക്ഷണം നൽകുന്നു
നീലേശ്വരം: എറണാകുളം സ്വദേശിയായ അലന് വെടിക്കെട്ടപകടം പൊള്ളുന്ന ഓർമയാണ് ഇന്നും. മംഗളൂരു എം.എസ്.ഡബ്ല്യൂവിന് പഠിക്കുന്ന എറണാകുളം ചോറ്റാനിക്കരയിലെ അലൻ (25) സഹപാഠി നീലേശ്വരം സ്വദേശിയുടെ വീട്ടിൽ കോളജ് അവധിക്കാലത്ത് എത്തിയപ്പോഴാണ് ജീവിതംതന്നെ മാറ്റിമറിച്ച നീലേശ്വരം വെടിക്കെട്ടപകടം നടന്നത്. 2024 ഒക്ടോബർ 28ന് അർധരാത്രി നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിലാണ് വെടിക്കെട്ടപകടം നടന്നത്. ആറുപേർ മരിക്കുകയും നൂറോളം പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു.
കേട്ടുകേൾവിമാത്രം ഉണ്ടായിരുന്ന തെയ്യത്തെ നേരിൽ കാണാനുള്ള അടങ്ങാത്ത ആഗ്രഹമാണ് അലന് പൊള്ളുന്ന വേദനയായി ഇന്നും മാറാത്തത്. ഇന്നും പരസഹായമില്ലാതെ ഒന്നും ചെയ്യാൻകഴിയാത്ത അവസ്ഥയിലാണ്. ദുരന്തം കഴിഞ്ഞ് ഒരുവർഷം പിന്നിടുമ്പോഴും ഈ യുവാവിന് സ്വന്തമായി ഭക്ഷണം കഴിക്കാൻപോലും കഴിയുന്നില്ല. എല്ലാറ്റിനും അമ്മ വിത്സി നിനോയുടെ സഹായം വേണം. ഭക്ഷണം അടുത്തിരുത്തി അമ്മ വാരിക്കൊടുക്കുകയാണ്. ദേഹമാസകലം പൊള്ളലേറ്റ അലൻ 35 ദിവസം അത്യാഹിതവിഭാഗത്തിൽ ഉൾപ്പെടെ 90 ദിവസമാണ് മംഗളൂരു സ്വകാര്യ മെഡിക്കൽ കോളജിൽ കഴിഞ്ഞത്.
ആശുപത്രി വിട്ടശേഷവും ഇതിനോടകം മൂന്നു സർജറികൾ നടത്തി. ഇനിയും മൂന്നു സർജറികൾകൂടി നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതുവരെയായി ചികിത്സക്ക് വലിയൊരു തുക ചെലവഴിച്ചു. അന്നുമുതൽ ദിവസവും ഫിസിയോതെറപ്പിക്ക് വേണ്ടി മാത്രം ദിനംപ്രതി 500 രൂപ വേണ്ടിവരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപ്രതിയിലാണ് തുടർചികിത്സ ചെയ്തുവരുന്നത്.
രണ്ടു കൈക്കുമാണ് ഏറ്റവും കൂടുതൽ പരിക്കുള്ളത്. ഒരുഘട്ടത്തിൽ കൈ മുറിച്ചുമാറ്റേണ്ടിവരുമെന്നുപോലും ഡോക്ടർമാർ പറഞ്ഞിരുന്നു. പുറത്തിറങ്ങാനോ സൂര്യപ്രകാശം ഏൽക്കാനോ കഴിയില്ല. ഇടക്ക് നീരുവന്ന് ശരീരത്തിൽ തടിപ്പു വരുകയും അത് പൊട്ടി രക്തം വരുകയും ചെയ്യുന്നു. വേദന കൊണ്ട് ഉറങ്ങാൻ പോലും കഴിയാത്ത നരകജീവിതവുമായി ഓരോദിനവും കടന്നുപോവുകയാണെന്ന് വേദനയോടെ അലൻ നിനോയ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.