നീലേശ്വരം: കവുങ്ങിലെ കായപൊഴിച്ചലും മണ്ടചീയലും വ്യാപകമായതോടെ ജില്ലയിലെ കർഷകർ ആശങ്കയിൽ. മഹാളിരോഗവും തുടർന്നുണ്ടാകുന്ന മണ്ടചീയലും വ്യാപകമായതായാണ് പരാതി. ഈ വർഷത്തെ കനത്ത മഴയാണ് രോഗവ്യാപനത്തിന്റെ കാരണമായി പറയുന്നത്.
കാലവർഷത്തിന് മുന്നോടിയായുള്ള പ്രതിരോധ കുമിൾനാശിനി പ്രയോഗം സാധ്യമാകാത്തതും രോഗതീവ്രത വർധിപ്പിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലെ മലയോര മേഖലകളിലും മറ്റുചില പ്രദേശങ്ങളിലും രോഗബാധ രൂക്ഷമാണ്. കായ്കളിലും പൂങ്കുലകളിലും വെളുത്ത പാടുകൾ പ്രത്യക്ഷപ്പെട്ട് ക്രമേണ അഴുകിനശിക്കുന്നതാണ് കുമിൾ ബാധയേറ്റ കവുങ്ങിന്റെ ലക്ഷണം.
‘ഫൈറ്റോഫ്ത്തോറ’ കുമിളാണ് ഈ രോഗത്തിന് കാരണമാകുന്നത്. മഴക്കാലത്തിന്റെ അവസാന നാളുകളിൽ പൂങ്കുലകളിൽനിന്ന് കുമിൾ, ഇലകളുടെ പാള ഒട്ടിനിൽക്കുന്ന തടിയിലേക്ക് പ്രവേശിച്ച് മണ്ടചീയുകയും ചെയ്യും. ഇത് ഒരു കവുങ്ങിൽനിന്ന് മറ്റൊന്നിലേക്ക് വേഗത്തിൽ വ്യാപിക്കും. പകർച്ചവ്യാധി പോലെ ഒരു മരത്തിൽനിന്ന് മറ്റ് മരങ്ങളിലേക്കും സമീപത്തെ തോട്ടങ്ങളിലേക്കും അതിവേഗം വ്യാപിക്കും. ഇതിനെ തുടർന്ന് കവുങ്ങുകളുടെ പൂങ്കുലകളും പാകമാകാത്ത കായ്കളും കൂട്ടമായി കൊഴിഞ്ഞുപോകും.
പ്രതിരോധ മാർഗങ്ങൾ
ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തെളിക്കുന്നത് രോഗം വരുന്നത് നിയന്ത്രിക്കാൻ ഫലപ്രദമാണെന്നും കാലവർഷം ആരംഭിക്കുന്നതിനു മുമ്പും പിന്നീട് 25-30 ദിവസത്തെ ഇടവേളകളിലും ഇത് തളിക്കണമെന്നും കൃഷി വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.