പൊട്ടിത്തെറിയുണ്ടായ അനന്തപുരത്തെ ഫാക്ടറിക്ക് സമീപം അഗ്നിരക്ഷാസേനയും പൊലീസും രക്ഷാപ്രവർത്തനത്തിൽ
കുമ്പള: നീലേശ്വരം വെടിക്കെട്ട് അപകടത്തിന്റെ ദുരന്ത സ്മരണകൾക്ക് ഒരു വയസ്സ് പൂർത്തിയാകുമ്പോഴുണ്ടായ മറ്റൊരു സ്ഫോടനത്തിന്റെ നടുക്കമായി ഇന്നലെ പ്ലൈവുഡ് ഫാക്ടറിയിലെ വൻ പൊട്ടിത്തെറി. പൊതുവേ ശാന്തമായിരുന്ന പകലിൽ നിനച്ചിരിക്കാതെയുണ്ടായ ഉഗ്ര സ്ഫോടനത്തിന്റെ ശബ്ദം പ്രദേശത്തെ നടുക്കിക്കളഞ്ഞു. അഞ്ചു കിലോമീറ്റർ അകലെ വരെ ശബ്ദം കേൾക്കാമായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് ഏഴേ കാലോടെ നടന്ന അപകടത്തിൽ ഒരാൾ മരിച്ചതായും നിരവധിപേർക്ക് പരിക്കേറ്റതായുമുള്ള വാർത്ത അതിവേഗത്തിലാണ് ജില്ലയിലാകെ പടർന്നത്. അറിഞ്ഞവർ പ്രദേശത്തേക്ക് കുതിച്ചു. ആയിരത്തോളം പേരാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിത്. എന്നാൽ, ഫാക്ടറിക്കടുത്തേക്ക് പൊലീസ് ആരെയും കടത്തിവിട്ടില്ല.
എറണാകുളം സ്വദേശി ഫിറോസ്ഖാന്റെ ഉടമസ്ഥതയിലുള്ള ഡെക്കോർ പ്ലൈവുഡ് പാനൽ ഇൻഡസ്ട്രീസ് നിരവധിപേർ ജോലി ചെയ്യുന്ന സ്ഥാപനമാണ്. ഇതരസംസ്ഥാനക്കാരാണ് തൊഴിലാളികളിൽ ഭൂരിഭാഗവും. പല ഷിഫ്റ്റുകളിലായി മുന്നൂറോളം പേരാണിവിടെ ജോലി നോക്കുന്നത്. പ്ലൈവുഡ് ഫാക്ടറിയിലെ ഉപകരണമായ ബോയിലർ പൊട്ടിത്തെറിച്ചാണ് ദാരുണമായ സംഭവം. സ്ഫോടനത്തിന്റെ അലയൊലികൾ സമീപ സ്ഥലങ്ങളായ മൊഗ്രാൽ, പേരാൽ, സൂരംബയൽ, കണ്ണൂർ, സീതാംഗോളി, മായിപ്പാടി എന്നിവിടങ്ങളിൽ അനുഭവപ്പെട്ടു. പല വീടുകളുടെയും ജനലുകളും വാതിലുകളും വിറകൊണ്ടു.
കാസർകോട്, ഉപ്പള എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനയും കുമ്പള പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അകത്ത് ആരെങ്കിലുമുണ്ടോ എന്നുള്ള പരിശോധനയിലാണ് സേനകൾ. പത്തോളം ആംബുലൻസുകൾ സ്ഥലത്ത് അടിയന്തര ആവശ്യത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. അപകടം നടന്ന പ്രദേശത്തിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിൽ ഏകദേശം രണ്ടായിരത്തോളം ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള ചുമതല ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ കെമ്രെക്, എറണാകുളം വിഭാഗത്തിന് നൽകിയിട്ടുണ്ടെന്ന് കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.