ഇ.എൻ.ടിയും ഡെന്റലും തുടങ്ങി; പതിയെ ഉയർന്ന് കാസർകോട് മെഡി. കോളജ്

കാസർകോട്: ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇ.എൻ.ടി, ഡെന്റൽ വകുപ്പുകളും കൂടി ആരംഭിച്ചു. ഇരുവിഭാഗത്തിലും ഓരോ ഡോക്ടർമാരുടെ സേവനമാണ് നിലവിലുള്ളത്. ഉപകരണങ്ങളുടെ കുറവുണ്ടെങ്കിലും ഇരു വിഭാഗങ്ങളിലുമെത്തുന്ന രോഗികൾക്ക് ചികിത്സ നൽകാൻ കഴിയുന്നു. രണ്ടു വകുപ്പുകൾ കൂടി വന്നതോടെ കാസർകോട് ഗവ. മെഡിക്കൽ കോളജിലെ വിവിധ വകുപ്പുകളുടെ എണ്ണം ആറ് ആയി.

ഈവർഷം ജനുവരി മൂന്നിനാണ് ഇവിടെ ഒ.പി തുടങ്ങിയത്. ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാകാത്തതിനാൽ അക്കാദമിക് ബ്ലോക്കിലാണ് താൽക്കാലികമായി ഒ.പി ഒരുക്കിയത്. പ്രതിദിനം 70 മുതൽ 140 രോഗികൾ വരെ ഒ.പിയിലെത്തുന്നുണ്ട്.

മെഡിസിൻ വിഭാഗമാണ് ആദ്യം തുടങ്ങിയത്. തുടർന്ന് പൾമനോളജി, ന്യൂറോളജി, പീഡിയാട്രിക് വിഭാഗങ്ങളും താമസിയാതെ ആരംഭിച്ചു. ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ ദീർഘകാല ആവശ്യമെന്ന നിലക്കാണ് ന്യൂറോളജി ആരംഭിച്ചത്.

ജില്ലയിൽ സർക്കാർ ആശുപത്രികളിലെ ആദ്യ നൂറോളജി ഡോക്ടർ കൂടിയാണ് മെഡിക്കൽ കോളജിൽ നിയമിച്ചത്. ഡെന്‍റൽ, ഇ.എൻ.ടി വകുപ്പുകൾ കൂടി തുടങ്ങിയതോടെ മെഡിക്കൽ കോളജിലെത്തുന്ന പാവപ്പെട്ട രോഗികൾക്ക് വലിയ ആശ്വാസമാവും. ഡെന്റൽ സർജറി വകുപ്പാണ് തുടങ്ങിയതെങ്കിലും ആദ്യഘട്ടത്തിൽ പല്ല് എടുക്കുന്ന സേവനമാവും ഇവിടെ ലഭിക്കുക. ഓപറേഷൻ തിയറ്റർ ഒരുക്കാൻ കാലതാമസമെടുക്കും. ഇതിനുള്ള നിർദേശം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്.

അഞ്ച് വകുപ്പുകൾ തുടങ്ങിയതോടെ കോളജിന് നേരിയ ഉണർവുണ്ടാകുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഇടുക്കി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് താൽക്കാലികമായി മാറിയ 11നഴ്സുമാർ ആഴ്ചകൾക്കു മുമ്പ് ഇവിടെ തിരികെ ജോലിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിന് തറക്കല്ലിട്ട് ഒമ്പതാം വർഷത്തിലെത്തിയിട്ടും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉപകാരം പോലുമില്ലെന്ന പരാതികൾക്കൊടുവിലാണ് ഈ വർഷാദ്യം ഒ.പി തുടങ്ങിയത്.


Tags:    
News Summary - ENT and dental started in Kasargod Govt. Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.