മിനിമം ബാലൻസില്ലാത്തതിന് പിഴ; ബാങ്ക് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

കാസർകോട്: മിനിമം ബാലൻസ് ഇല്ലാത്തതിന് ഉപഭോക്താവിന്റെ അക്കൗണ്ടിൽനിന്ന് പിഴ ഈടാക്കിയ ബാങ്കിനോട് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്. ഉപഭോക്താവിനുണ്ടായ മാനസിക ബുദ്ധിമുട്ടിനും അസൗകര്യങ്ങൾക്കും യുക്തിസഹമായ നഷ്ടപരിഹാരം നൽകണമെന്ന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സീതാംഗോളി ശാഖയോട് ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവിട്ടു.

സീതാംഗോളി ശാഖക്കെതിരെ രാജു സ്റ്റീഫൻ ഡിസൂസ സമർപ്പിച്ച പരാതിയിലാണ് വിധി. രാജു സ്റ്റീഫൻ ഡിസൂസ 2022ൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സീതാംഗോളി ശാഖയിൽ കറന്റ് അക്കൗണ്ട് തുറന്ന് ആവശ്യമായ പ്രാരംഭ നിക്ഷേപം നടത്തിയിരുന്നു. തുടർന്ന് എസ്.എം.എസ് സേവന നിരക്കെന്ന പേരിൽ ബാങ്ക് അദ്ദേഹത്തിന്റെ അക്കൗണ്ടിൽനിന്ന് 295 ഈടാക്കി. ഇതോടെ അക്കൗണ്ടിലെ ബാലൻസ് മിനിമം ബാലൻസിൽ താഴെയായി.

മിനിമം ബാലൻസ് പാലിക്കാത്തതിനുള്ള പിഴ ബാങ്ക് ഈടാക്കാൻ തുടങ്ങി. ഇത്തരത്തിലുള്ള തുക ഈടാക്കൽ തുടർ മാസങ്ങളിലും ആവർത്തിച്ചതിനെ തുടർന്ന് തനിക്ക് സാമ്പത്തിക നഷ്ടവും അസൗകര്യവും മാനസിക ബുദ്ധിമുട്ടും ഉണ്ടായതായി പരാതിക്കാരൻ ആരോപിച്ചു. മിനിമം ബാലൻസ് നിലനിർത്തേണ്ടത് ഉപഭോക്താവിന്റെ ഉത്തരവാദിത്തമാണെന്നും അക്കൗണ്ട് തുറക്കുന്ന സമയത്ത് മിനിമം ബാലൻസ്, സേവന നിരക്കുകൾ, മറ്റ് ബാധകമായ നിബന്ധനകൾ എന്നിവയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഉപഭോക്താവിന് നൽകിയിരുന്നുവെന്നും ബാങ്കിനുവേണ്ടി വാദിച്ചു.

പരാതിക്കാരൻ പരിചയസമ്പന്നനായ ബാങ്ക് ഉപഭോക്താവായതിനാൽ ഇത്തരം നിബന്ധനകളെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരിക്കേണ്ടതാണെന്നും ബാങ്ക് വാദിച്ചു. അതേസമയം, ഉപഭോക്താക്കൾ ബാങ്കിനെ വിശ്വസിച്ചാണ് അക്കൗണ്ട് തുറക്കുന്നതെന്നും ഉപഭോക്താവിന്റെ അക്കൗണ്ടിൽനിന്ന് ഏതെങ്കിലും തുക ഈടാക്കുന്നതിനുമുമ്പ് അല്ലെങ്കിൽ ഈടാക്കിയ ഉടൻ തന്നെ അതുസംബന്ധിച്ച വ്യക്തമായ വിവരം നൽകേണ്ടത് ബാങ്കിന്റെ കടമയാണെന്നും പരാതിക്കാരനുവേണ്ടി വാദിച്ചു.

അക്കൗണ്ട് തുറക്കുമ്പോൾ സാധാരണ രേഖകളിൽ ഉപഭോക്താവിൽനിന്ന് ഒപ്പ് വാങ്ങിയത് കൊണ്ട് മാത്രം ബാങ്കിന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. ഉപഭോക്താവിനോട് നീതിയുക്തമായി പെരുമാറേണ്ട ബാധ്യത ബാങ്കിനുണ്ടെന്നും അദ്ദേഹം കമീഷനെ ബോധിപ്പിച്ചു.

ഇരുപക്ഷങ്ങളുടെയും വാദം കേട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷൻ, ബാങ്ക് ഈടാക്കിയ തുക തിരികെ നൽകാനും പരാതിക്കാരന് ഉണ്ടായ മാനസിക ബുദ്ധിമുട്ടിനും അസൗകര്യങ്ങൾക്കും നഷ്ടപരിഹാരവും കേസ് നടത്തിപ്പിലുണ്ടായ ചെലവ് നൽകാനും ഉത്തരവിട്ടു. പരാതിക്കാരന് വേണ്ടി അഡ്വ. എം.എസ്. തോമസ് ഡിസൂസ ഹാജരായി.

Tags:    
News Summary - Penalty for not maintaining minimum balance; Consumer court orders bank to pay compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.