നീലേശ്വരം ഹൈവേ ഓവുചാൽ നിർമാണം
നീലേശ്വരം: ദേശീയപാത നിർമാണ ഭാഗമായി ഗതാഗതക്കുരുക്ക് രൂക്ഷമായ നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ സർവിസ് റോഡിന്റെയും ഡ്രെയ്നേജിന്റെയും നിർമാണം തോന്നിയപോലെ. വർക്ക് കണ്ടീഷനായി ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാൻ വകുപ്പ് ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ കരാറുകാരൻ തോന്നുംപടി ചെയ്യുന്നു. ഇവിടെ മണ്ണിട്ടുയർത്തി നിർമിച്ച മേൽപാത താൽക്കാലിക ഗതാഗതത്തിനായി തുറന്നിട്ട് ദിവസങ്ങളായെങ്കിലും നിർമാണ കമ്പനി നിർമാണ പ്രവർത്തനങ്ങളിൽ മെല്ലെപ്പോക്ക് തുടരുന്നതായി ആക്ഷേപമുയർന്നു.
ഇതിനായി ജൂൺ 22 വരെയാണ് മൺ മേൽപാത തുറന്നുകൊടുത്തത്. എന്നാൽ തുറന്ന് 10 ദിവസം കഴിഞ്ഞിട്ടും സർവിസ് റോഡിന്റെയും ഡ്രെയ്നേജിന്റെയും നിർമാണത്തിന് വേഗതയില്ല. ഒരു മാസം കൊണ്ട് നിർമാണം പൂർത്തിയാക്കണമെന്ന ജില്ല കലക്ടറുടെ നിർദേശമൊക്കെ ആദ്യം തന്നെ കാറ്റിൽ പറന്ന സ്ഥിതിയാണ് നീലേശ്വരത്ത്.
ചെറിയ ദൂരത്തിൽ നീക്കമെടുത്ത് ഭൂമിനിരപ്പിൽ നേരിയപാളി കോൺക്രീറ്റ് ചെയ്ത് ഇതിനായുള്ള ചെറിയൊരു റേക്ക് റെഡിമെയ്ഡ് കോൺക്രീറ്റ് ഭാഗം സ്ഥാപിച്ചതു മാത്രമാണ് ഇത്രയും ദിവസമായി നടന്ന പണി. ചൊവ്വാഴ്ച രാവിലെയും മൂന്ന് തൊഴിലാളികൾ എത്തി ഇതിന്റെ വശത്ത് വെറുതെയിരിക്കുന്ന സ്ഥിതിയുണ്ടായി. ദേശീയപാത നിർമാണം തുടങ്ങിയതിൽ പിന്നെ മഴ തുടങ്ങിയാലുടനെ മുട്ടറ്റം വെള്ളമുയരുന്ന സ്ഥലമാണ് ഇവിടം. അതിനാൽതന്നെ കാലവർഷം തുടങ്ങിയാൽ മെല്ലെപ്പോക്കിലാണെങ്കിലും ഇവിടെ നടന്നുവരുന്ന നിർമാണപ്രവർത്തനങ്ങളെല്ലാം നിർത്തിവെക്കേണ്ടിവരും.
പിന്നെ സെപ്റ്റംബറിൽ കാലവർഷത്തിന്റെ ശക്തി കുറയുംവരെ നിർമാണക്കമ്പനിക്ക് സമയവും കിട്ടും. അതിനാൽതന്നെ ആകാശപാതക്കായി നടന്നുവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിനിടെ സർവിസ് റോഡ്, ഡ്രെയ്നേജ് നിർമാണം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നിർമാണക്കമ്പനിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തുന്നതുൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളും വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. സർവിസ് റോഡ്, ഡ്രെയ്നേജ് നിർമാണം പൂർത്തിയാക്കാൻ മൺപാതയിലൂടെ ഗതാഗതം അനുവദിക്കണമെന്നാവശ്യപ്പെട്ട് നിർമാണക്കമ്പനി ആദ്യം പൊലീസിനെ സമീപിക്കുകയും തർക്കങ്ങളും മറ്റും ഉടലെടുക്കുകയുംചെയ്തിരുന്നു.
ഗതാഗതക്കുരുക്ക് ഉൾപ്പെടെ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കലക്ടർ അർജുൻ പാണ്ഡ്യൻ ഇടപെട്ടതോടെയാണ് ജൂൺ 22 വരെ മൺപാത തുറക്കാൻ സമരക്കാർ വഴങ്ങിയത്. ഈ പരിധി കഴിയുന്നതോടെ മൺപാത അടക്കണമെന്ന ആവശ്യമുയർന്നാൽ താഴത്തുകൂടിയുള്ള ഗതാഗതം അപകടങ്ങൾക്കിടയാക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇത് ഇതുവഴി കടന്നുപോകുന്ന ദീർഘദൂര യാത്രക്കാർക്കും ഇവിടങ്ങളിൽനിന്നു തിരിഞ്ഞ് സമീപപ്രദേശങ്ങളിലേക്കു പോകേണ്ട താമസക്കാർക്കും ഒക്കെ തലവേദന സൃഷ്ടിക്കും.
കിട്ടിയ സമയം െവച്ച് ഇരു നിർമാണങ്ങളും നിശ്ചിത സമയപരിധിക്കകം പൂർത്തിയാക്കുക മാത്രമാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം. സമയബന്ധിതമായി സർവിസ് റോഡ്, ഡ്രെയ്നേജ് നിർമാണം പൂർത്തിയാക്കാൻ ഒരു മാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്ന് കലക്ടർ വിളിച്ച യോഗത്തിൽ ഉറപ്പ് നൽകിയ ദേശീയപാത അതോറിറ്റി ഉൾപ്പെടെ ബന്ധപ്പെട്ട അധികൃതരും നഗരസഭയും സമരസമിതികളുമെല്ലാം ഇടപെടണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
ഇനിയും റോഡ് പ്രവൃത്തി ഇങ്ങനെ ഇഴഞ്ഞു നീങ്ങുകയാണെങ്കിൽ നീലേശ്വരം ജനകീയ സമരസമിതി കാസർകോട് കരാർ കമ്പനി ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്താനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.