ചെങ്കള-ചേരൂര്‍ റോഡ് ടാര്‍ അഴിമതി: രണ്ടാം പ്രതിക്ക് ഏഴുവര്‍ഷം തടവ്; കരാറുകാരന് അറസ്റ്റ് വാറന്റ്

കാസര്‍കോട്: ജില്ലാപഞ്ചായത്ത് ചെങ്കള-ചേരൂര്‍ റോഡ് ടാര്‍ അഴിമതി കേസിൽ രണ്ടാംപ്രതിയെ ഏഴുവര്‍ഷം തടവിനും 20,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. എറണാകുളം മൂവാറ്റുപുഴ സ്വദേശി പി.ബി. കബീര്‍ഖാനെയാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.

420 വകുപ്പ് പ്രകാരം അഞ്ചു വര്‍ഷവും 468 വകുപ്പ് പ്രകാരം രണ്ടു വര്‍ഷവുമാണ് ശിക്ഷ. രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പിഴയടച്ചില്ലെങ്കില്‍ ഒമ്പതു മാസം അധികതടവും അനുഭവിക്കണം. കേസിലെ ഒന്നാംപ്രതിയും കരാറുകാരനുമായ ചെങ്കളയിലെ മുഹമ്മദ് റഫീഖ്(34) വിചാരണക്ക് ഹാജരായില്ല. ഇയാൾക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

ചെങ്കള-ചേരൂര്‍ റോഡില്‍ 1.5 കിലോ മീറ്റര്‍ ജോലിയില്‍ അടങ്കല്‍ തുകയായ 9,40,000 രൂപയേക്കാള്‍ കുറവായ തുകക്ക് ഏറ്റെടുത്ത് നടത്തുന്നതിന് മുഹമ്മദ് റഫീഖ് പരാതിക്കാരനായ അന്നത്തെ ജില്ല പഞ്ചായത്ത് സെക്രട്ടറിയുമായി 2006 ഫെബ്രുവരി 16ന് കരാറുണ്ടാക്കിയിരുന്നു. ഇതനുസരിച്ച് ഒന്നാംപ്രതി റോഡുപണി ഏറ്റെടുത്ത് നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് പ്രവൃത്തിക്ക് പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് ടാർ വാങ്ങണമെന്നാണ് ചട്ടം.

ഇതിനു വിരുദ്ധമായി രഹസ്യമായി ടാർ എത്തിച്ച് ഉറവിടം വ്യക്തമാക്കാതെ ചെങ്കള-ചേരൂര്‍ റോഡിന് ഉപയോഗിക്കുകയും ഇന്ത്യൻ ഓയില്‍ കോര്‍പറേഷന്റെ ബില്‍ വ്യാജമായി നിര്‍മിച്ച് ജില്ല പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കുകയും ചെയ്തുവെന്നാണ് കേസ്.

ടാര്‍ ഇടപാടിലെ ക്രമക്കേടിന് മുഹമ്മദ് റഫീഖിന് സഹായം നല്‍കിയെന്നാണ് കബീര്‍ഖാനെതിരായ കുറ്റം. നടപടിയിൽ ജില്ല പഞ്ചായത്തിന് 1,38,527 രൂപയുടെ നഷ്ടം സംഭവിച്ചതായി കുറ്റപത്രത്തില്‍ പറഞ്ഞു.

Tags:    
News Summary - Chengala-Cherur road tar scam-2nd accused gets 7 years imprisonment-Arrest warrant for contractor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.