ദേശീയപാത വികസനം: ബസ് കാത്തിരിക്കാൻ ഇടമില്ല, ഈ ദുരിതം എത്രകാലം...

കാസർകോട്: നിർമാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയോരത്ത് ബസ് കാത്തിരിക്കാൻ ഇടമില്ലേ? യാത്രക്കാരുടെയും ജനങ്ങളുടെയും ചോദ്യങ്ങൾക്ക് വ്യക്തമായി മറുപടി പറയാൻ ആരുമില്ല. മാസങ്ങളായി യാത്രക്കാർ പൊരിവെയിലത്തും പൊടിയിലും മഴവന്നാൽ ചളിയിലും ബസ് കാത്തിരിക്കുകയാണ്. ഈ ദുരിതം എന്നവസാനിക്കും എന്ന ചോദ്യത്തിൽനിന്നാണ്, പുതിയ പാതയിൽ ബസ് സ്റ്റോപ്പുകൾ ഇല്ലേ എന്ന പ്രതിഷേധ ചോദ്യം ഉയരുന്നത്.

പുതിയ പദ്ധതിയിൽ പലയിടത്തും മീറ്ററുകൾ ഉയരത്തിൽ കെട്ടിയുയർത്തിയാണ് ദേശീയപാത പോകുന്നത്. അടിപ്പാതകൾക്കുവേണ്ടി ഉയർത്തുന്ന റോഡുകൾക്ക് അരികെയുള്ള സർവിസ് റോഡുകളിലായിരിക്കും ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ. ഇവ യാഥാർഥ്യമാകാനുള്ള കാലതാമസം അത്രയും യാത്രാദുരിതം ഉണ്ടാകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

അതേസമയം, നിലവിലെ സർവിസ് റോഡ് മാർക്ക് ചെയ്ത് സ്ഥലങ്ങളിൽ പതിവ് ബസ് സ്റ്റോപ്പുകൾ ഉള്ളിടത്ത് ബസ് കാത്തിരിപ്പുകേന്ദ്രം പണിയാൻ സ്ഥലവുമില്ല. തലപ്പാടി ചെങ്കള ദേശീയപാതയിൽ നൂറോളം ബസ് കാത്തിരിപ്പു കേന്ദ്രങ്ങളാണുണ്ടായിരുന്നത്. എല്ലാം ദേശീയപാത വികസനത്തിന്റെ ഭാഗമായി നീക്കം ചെയ്തിരുന്നു.

കുട്ടികൾ, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിങ്ങനെയുള്ളവർക്ക് ഇരുന്ന് ബസ് കാത്തിരിക്കാനുള്ള ഇടമായിരുന്നു ഷെൽട്ടറുകൾ. ഇവ ഇല്ലാതായതോടെ ഈ വിഭാഗത്തിന്റെ യാത്രയും ദുരിതത്തിലായി. പാതനിർമാണം പൂർത്തിയാകാൻ വർഷങ്ങളെടുക്കുമെന്നതിനാൽ ദുരിതയാത്ര അത്രയും നീളും.

Tags:    
News Summary - Bus waiting Shelters demolished for National Highway development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.