പെര്‍മുദെ: കാറിലെത്തിയ സംഘം സ്വകാര്യ ബസ് തടഞ്ഞ് ജീവനക്കാരെ ആക്രമിച്ച് 36,000 രൂപ തട്ടിയെടുത്തതായും മൊബൈല്‍ ഫോണ്‍ എറിഞ്ഞുതകര്‍ത്തതായും പരാതി. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. കാസര്‍കോട്-പെര്‍മുദെ സര്‍വിസ് നടത്തുന്ന ജിസ്തിയ ബസ് ഡ്രൈവര്‍ സവാദ് (33), കണ്ടക്ടര്‍ കളത്തൂര്‍ ചെക്ക് പോസ്റ്റിന് സമീപത്തെ മുസ്തഫ (22) എന്നിവരാണ് ആക്രമണത്തിനിരയായത്. ഇവരെ കുമ്പള ജില്ല സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് പെര്‍മുദെ മുന്നൂരില്‍ വെച്ച് ബലേനൊ കാറിലെത്തിയ മൂന്നുപേര്‍ തടഞ്ഞുനിർത്തി ഡ്രൈവറെ മര്‍ദിക്കുകയും തടയാൻ ശ്രമിച്ച കണ്ടക്ടറെ പുറത്തേക്ക് വലിച്ചിട്ട് കല്ലുകൊണ്ട് ഇടിക്കുകയുമായിരുന്നു.
കണ്ടക്ടറുടെ പക്കലുണ്ടായിരുന്ന 36,000 രൂപ തട്ടിയെടുക്കുകയും മൊബൈല്‍ ഫോണ്‍ റോഡിലെറിഞ്ഞ് പൊട്ടിച്ചുവെന്നുമാണ് മുസ്തഫ കുമ്പള പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ അബൂബക്കര്‍ സിദ്ദീഖ്, അജ്മല്‍ എന്നിവര്‍ക്കും മറ്റൊരാള്‍ക്കുമെതിരെയാണ് കേസ്. ബസ് ഉടമ നാട്ടിലില്ലാത്തതിനാല്‍ മൂന്നുദിവസത്തെ വരുമാനം ഒപ്പം സൂക്ഷിച്ചിരുന്നു. ഇതാണ് സംഘം തട്ടിയെടുത്തതെന്ന് പരാതിയില്‍ പറയുന്നു.
ഈ പരിസരങ്ങളിൽ പുറത്തുനിന്നുള്ള മയക്കുമരുന്നു സംഘം അഴിഞ്ഞാടുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. മയക്കുമരുന്ന് സംഘത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും രാത്രിയില്‍ പൊലീസിന്റെ പരിശോധന കര്‍ശനമാക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.