ഉദ്ഘാടനത്തിനൊരുങ്ങിയ കുമ്പള കിദൂർ കുണ്ടങ്കരടുക്ക പക്ഷിനിരീക്ഷണ \കേന്ദ്രം
മൊഗ്രാൽ: പക്ഷിനിരീക്ഷണത്തിനും ഗവേഷണത്തിനുമായി കുമ്പള പഞ്ചായത്തിലെ കിദൂർ കുണ്ടങ്കരടുക്കയിൽ സംസ്ഥാന സർക്കാറിന്റെ ഡോർമെട്രി പക്ഷിഗ്രാമം പദ്ധതി നിർമാണം പൂർത്തിയായി. പ്രകൃതിസ്നേഹികൾക്ക് പക്ഷിഗ്രാമത്തിൽ താമസിക്കാം. വിനോദസഞ്ചാര വകുപ്പിന്റെതാണ് പക്ഷിഗ്രാമം പദ്ധതി. പഞ്ചായത്തിൽ നടപ്പാക്കുന്ന ആദ്യത്തെ സർക്കാർ ടൂറിസം പദ്ധതികൂടിയാണിത്. നടത്തിപ്പിനായി ടെൻഡർ നടപടി പൂർത്തിയായാൽ കെട്ടിടം തുറന്നുകൊടുക്കും.
2019ൽ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ ചെലവഴിച്ചാണ് പക്ഷിഗ്രാമത്തിന്റെ ഡോർമെട്രി നിർമാണം പൂർത്തിയാക്കിയത്. മീറ്റിങ് ഹാൾ, ഓഫിസ് മുറി, കാബിൻ, താമസത്തിനുള്ള മുറികൾ, അടുക്കള, ശൗചാലയങ്ങൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. 10 ഏക്കർ വിസ്തൃതിയിലുള്ളതാണ് പക്ഷിഗ്രാമം. ജൈവവൈവിധ്യങ്ങളാൽ സമ്പന്നവുമാണ്.
വിദേശത്തെയും സ്വദേശത്തെയുമായി 174 ഇനം പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. അപൂർവയിനം പക്ഷികൾ കിദൂറിന്റെ ആകർഷണമാണെന്ന് പക്ഷിനിരീക്ഷകർ പറയുന്നു. ഏതു വേനലിലും വറ്റാത്ത പ്രകൃതിദത്തമായ ‘കാജൂർ പള്ളം’ കിദൂറിന്റെ പ്രത്യേകതയാണ്. പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നതോടെ തൊട്ടടുത്ത കുമ്പളയിലെ ആരിക്കാടി കോട്ട, കുമ്പള തടാക ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളുടെ വിനോദ സഞ്ചാര വികസന സാധ്യതകൾക്ക് സാഹചര്യമൊരുങ്ങുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.