പ​ട​ന്ന​യി​ലെ കേ​ര​ള മ​ൻ​സി​ൽ

കേരളപ്പിറവി ആഘോഷത്തിനൊരുങ്ങി 70 പിന്നിടുന്ന ‘കേരള മൻസിൽ’

തൃക്കരിപ്പൂർ: കേരളപ്പിറവിദിനത്തിൽ ഗൃഹപ്രവേശം നടന്ന പടന്നയിലെ കേരള മൻസിലിൽ എഴുപതാം കേരളപ്പിറവി കേമമായി ആഘോഷിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 30 മുതൽ കേരളപ്പിറവി വരെയുള്ള മൂന്ന് ദിവസങ്ങളിൽ പ്രമുഖരെ പങ്കെടുപ്പിച്ചുള്ള ടേബിൾ ടോക്ക്, കുടുംബസംഗമം, പ്രാർഥന സദസ്സ് എന്നിവയാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, സന്ദീപ് വാര്യർ എം.എൽ.എ, തദ്ദേശ പ്രതിനിധികൾ എന്നിവർ സംബന്ധിക്കും.

പടന്നയിലെ വലിയ ജുമാമസ്ജിദ് നിർമാണ കാലത്ത്, കുമ്മായക്കൂട്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത അപൂർവവസതികളിൽ ഒന്നാണ് കേരള മൻസിൽ. വീട് ഒരുങ്ങിയെങ്കിലും ദേശീയ പ്രസ്ഥാനത്തോടുള്ള അഭിനിവേശത്തിൽ കേരളപ്പിറവിദിനത്തിലേക്ക് ഗൃഹപ്രവേശം മാറ്റിവെക്കുകയായിരുന്നു ഉടമസ്ഥൻ പി.കെ.സി മുഹമ്മദ് കുഞ്ഞി ഹാജി പട്ടേലർ. 1956 നവംബർ ഒന്നിന് സംസ്ഥാന രൂപവത്കരണ സ്മരണയിലാണ് കേരള മൻസിൽ എന്ന് നാമകരണം ചെയ്തത്.

പി.​കെ.​സി. മു​ഹ​മ്മ​ദ് കു​ഞ്ഞി ഹാ​ജി പ​ട്ടേ​ല​ർ (​ഫ​യ​ൽ)

പട്ടേലരുടെ കൊച്ചുമകൾ വി.കെ.സി ഫാത്തിമയും കുടുംബവുമാണ് ഇപ്പോൾ കേരള മൻസിലിൽ താമസിക്കുന്നത്. കേരള മൻസിലിന്റെ തനത് വാസ്തു വൈഭവം നിലനിർത്തിക്കൊണ്ടാണ് കുന്നത്ത് റസാഖ് ഹാജി കെട്ടിടം ബലപ്പെടുത്തിയിട്ടുള്ളത്. വസതിയിലെ വിശാലമായ കോടതി മുറി ഏറെ പ്രശസ്തമാണ്. സ്വാതന്ത്ര്യസമരസേനാനിയും അൽ അമീൻ പത്രാധിപരുമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ സന്തത സഹചാരിയായിരുന്നു പി.കെ.സി. മുഹമ്മദ് കുഞ്ഞി ഹാജി. മൊയ്തു മൗലവി തുടങ്ങിയ ദേശീയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം അൽ അമീൻ പത്രത്തിന്റെ വളർച്ചക്കായുള്ള സഹായങ്ങൾ ചെയ്തു.

കർണാടകയിലെ പ്രമുഖ വ്യാപാരിയും അവിഭക്ത കണ്ണൂർ ജില്ലയിലെ കർഷകനുമായിരുന്ന ഹാജി സമ്പത്തിന്റെ വലിയഭാഗം ദേശീയ പ്രസ്ഥാനത്തിനായി ചെലവഴിച്ചു. നാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ബ്രിട്ടീഷ് ഇന്ത്യയിൽ അദ്ദേഹം സ്വന്തമായി ഒരു നീതിന്യായ സംവിധാനം ഒരുക്കിയിരുന്നു. മദ്രാസിൽനിന്നും കർണാടകത്തിൽനിന്നും വലിയ ബാരിസ്റ്റർമാരും ജഡ്ജിമാരും പങ്കെടുത്ത ആ കോടതിയുടെ ഉദ്ഘാടനം വലിയൊരു ചരിത്രമാണ്. വാർത്തസമ്മേളനത്തിൽ വി.കെ.പി ഇസ്മായിൽ, പി.കെ.സി അബ്ദുസമദ്, വി.കെ.പി അബ്ദുൽ ഫത്താഹ്, വി.കെ.സി നൗഫൽ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - ‘Kerala Manzil’ Marks 70 Years Ahead of Kerala Piravi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.