സ്ഫോടനത്തിൽ വളർത്തുനായ് ചത്ത റബർ തോട്ടത്തിൽ പൊലീസ് പരിശോധന നടത്തുന്നു

മലയോരത്ത് പന്നിക്കെണി ഭീഷണി; ഒരാൾക്ക് വെടിയേറ്റു

കാഞ്ഞങ്ങാട്: മലയോരത്ത് പന്നിക്കെണി നാട്ടുകാർക്ക് ഭീഷണിയാകുന്നു. കഴിഞ്ഞദിവസം പന്നിക്കു വെച്ച കെണിയിൽനിന്ന് വെടിയേറ്റ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റൊരു സംഭവത്തിൽ പന്നിക്കെണി സ്ഫോടനത്തിൽ വളർത്തുനായ ചത്തു. മാലോം കവശ്ശേരി തട്ടിലെ റെജിക്കാണ് വെടിയേറ്റത്. കവശ്ശേരി തട്ടിലെ ജോസഫിന്റെ പറമ്പിൽ നിന്നാണ് വെടിയേറ്റത്. ഇവിടെ പന്നിയെ പിടിക്കാൻ ലൈസൻസ് ഇല്ലാത്ത നാടൻ തോക്ക് ആരോ കെണിവെച്ചതായിരുന്നു. ഈ കെണിയിൽ ചവിട്ടിയപ്പോഴാണ് വെടിയേറ്റത്. റെജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകീട്ട് 6.30നാണ് സംഭവം. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലീസ് തോക്കും തിരകളും കസ്റ്റഡിയിലെടുത്തു. വെടിയേറ്റ ആളിൽനിന്ന് പൊലീസ് മൊഴിയെടുത്തു. പ്രതികളെ പിടികൂടാനായിട്ടില്ല.

ഈസംഭവം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് പന്നിക്കെണിയായി വെച്ച സ്ഫോടകവസ്തു കടിച്ചുണ്ടായ സ്ഫോടനത്തിൽ വളർത്തു നായ് ചത്തത്. വെസ്റ്റ് എളേരി നാട്ടക്കൽ കുന്നിൽ കുറുവാട്ടിൽ കെ.കെ. നീതുവിന്റെ വളർത്തുനായയാണ് ചത്തത്. നാട്ടക്കല്ല് കുന്നിലെ പുഞ്ചായിൽ സിനോജിന്റെ പറമ്പിൽ ജോലി ചെയ്യുകയായിരുന്ന നീതുവിന്റെ കൂടെ എത്തിയതായിരുന്നു നായ്. ഈ സമയത്താണ് റബർ തോട്ടത്തിൽ നായ് സ്ഫോടകവസ്തു കടിച്ചത്. തുടർന്ന് ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായി. ചിന്നിചിതറിയ നിലയിലായിരുന്നു നായുടെ ജഡം. നീതുവിന്റെ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.

എസ്.ഐ മധുസൂദനന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധിച്ചു. സമീപത്തെ വനങ്ങളിൽനിന്ന് പുറത്തെത്തുന്ന പന്നികളെ പിടികൂടാൻ ഇത്തരത്തിൽ കെണി വെക്കുന്നത് മലയോരത്ത് സാധാരണമാണ്. കുറ്റിക്കാടുകളിലും മറ്റും തോക്ക് കെണിയും സ്ഫോടക വസ്തുക്കളും വെക്കുന്നത് ജനജീവിതത്തിന് ഭീഷണിയായി മാറുകയാണ്.

Tags:    
News Summary - One Shot in Hillside Pig-Trap Threat Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.