വയൽക്കാറ്റോരത്ത് വിതയുത്സവം; അന്യമാകില്ല അന്നം പദ്ധതി
തൃക്കരിപ്പൂർ: വയൽക്കാറ്റ് നെൽകതിർക്കൂട്ടത്തിന്റെ നേതൃത്വത്തിൽ വയൽക്കാറ്റ് പരിസരത്തുള്ള കൊയോങ്കര പാടശേഖരത്തിൽ കൃഷിയിറക്കി. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെ അന്യമാകില്ല അന്നം എന്ന പദ്ധതിയുമായി സഹകരിച്ചാണ് പാടശേഖരസമിതിയുടെ പാടത്ത് വിത്തിട്ടത്.
വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ ടി. തമ്പാൻ, മുതിർന്ന കർഷക അവാർഡ് ജേതാവ് എ. കുഞ്ഞിക്കണ്ണൻ, യുവകർഷക അവാർഡ് ജേതാവ് എം.വി. അനിൽ കുമാർ, കർഷകനും പാചക വിദഗ്ധനുമായ അംബി സുകേഷ് എന്നിവർ ചേർന്നാണ് കൃഷിയിറക്കിയത്. വർഷങ്ങളായി കൃഷി ചെയ്യാത്ത കൊയോങ്കര പാടശേഖരത്തിലെ മൂന്ന് ഏക്കർ സ്ഥലത്താണ് പരമ്പരാഗത രീതിയിൽ കൃഷിയിറക്കിയിരിക്കുന്നത്.
തൃക്കരിപ്പൂർ പഞ്ചായത്തിന്റെ അന്യമാകില്ല അന്നം പദ്ധതി പ്രകാരം കാസർകോടൻ നെൽവിത്താണ് നാലുപേർ ചേർന്ന് കൃഷി ചെയ്യുന്നത്. തൃക്കരിപ്പൂർ ഗവ. ഹൈസ്കൂളിലെ കുട്ടി പൊലീസ് കാഡറ്റുകൾ, ഗവ.എൽ.പി സ്കൂൾ മൈത്താണി, കൊയോങ്കര എ.യു.പി സ്കൂൾ, മൈമ ഇംഗ്ലീഷ് സ്കൂൾ പടന്ന എന്നീ സ്കൂളുകളിലെ വിദ്യാർഥികളും പരമ്പരാഗത കൃഷി രീതി പഠിക്കുന്നതിനായി വളരെ നേരത്തെ വയൽക്കാറ്റിലെത്തിയിരുന്നു.
വിതയുൽസവത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മനു നിർവഹിച്ചു. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സാജിത സഫറുല്ല അധ്യക്ഷത വഹിച്ചു. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ മുൻ അസോസിയേറ്റഡ് ഡയറക്ടറും കൈപ്പാട് കൃഷിയിൽ ഗവേഷണം നടത്തുകയും ചെയ്യുന്ന കൃഷി ശാസ്ത്രജ്ഞ ഡോ.ടി.വനജ, ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.സനൽ, ഗ്രാമപഞ്ചായത്ത് മെംബർമാരായ എം. രാമചന്ദ്രൻ, കെ. പത്മനാഭൻ, കൃഷി ഓഫിസർ വി. ശിവകുമാർ, ഇയ്യക്കാട് പാടശേഖരസമിതി സെക്രട്ടറി കെ.വി. പത്മനാഭൻ, കൊയോങ്കര പാടശേഖര സമിതി പ്രസിഡൻറ് ടി. അജിത, പാരമ്പര്യ ഔഷധതോട്ട പരിപാലകൻ കെ.വി. കൃഷ്ണപ്രസാദ്, രാജേഷ് വിത്തൻ നവോദയ, സുമേഷ് പാവൂർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പരമ്പരാഗതമായി കന്നുപൂട്ടൽ ചെയ്യുന്ന രവി ചേന്തട്ടയെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.