‘ഇ-മാലിന്യ നയം: വ്യാപാരികളെ അവഗണിക്കരുത്’
കാസർകോട്: ഇ-മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പുതിയ പദ്ധതിയിലും നടപടിക്രമങ്ങളിലും പരമ്പരാഗതമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചെറുകിട സ്ക്രാപ്പ് വ്യാപാരികളുടെ താൽപര്യങ്ങളും ഉപജീവനമാർഗവും സംരക്ഷിക്കണമെന്ന് ഇൻഡിപെൻഡന്റ് സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ (ഐ.എസ്.എം.എ) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
പരിസ്ഥിതി സംരക്ഷണവും ശാസ്ത്രീയമായ ഇ-മാലിന്യസംസ്കരണവും കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാൽ ഈ മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ചെറുകിട വ്യാപാരികളെ വിശ്വാസത്തിലെടുക്കാതെയും അവരുടെ അഭിപ്രായങ്ങൾ പരിഗണിക്കാതെയും നയങ്ങൾ നടപ്പാക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സംഘടന ചൂണ്ടിക്കാട്ടി.
വൻകിട സംവിധാനങ്ങൾക്ക് മാത്രം അനുകൂലമാകുന്ന രീതിയിൽ നടപടികൾ രൂപപ്പെടുകയും ചെറുകിട വ്യാപാരികൾക്ക് തൊഴിൽ ചെയ്യാനുള്ള അവസരങ്ങൾ പരിമിതപ്പെടുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. ആയിരക്കണക്കിന് വ്യാപാരികളുടെയും അവരുടെ കുടുംബങ്ങളുടെയും ഉപജീവനവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സർക്കാർ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി വ്യക്തമായ പരിഹാരം കണ്ടെത്തണം. ജില്ല പ്രസിഡന്റ് ഇബ്രാഹിം ചെമ്മനാട് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഹനീഫ് ബേവിഞ്ച സ്വാഗതവും സുബൈർ കട്ടക്കൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.