കാസർകോട്: ദക്ഷിണ ജില്ലയിലെ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേരള അതിർത്തികളിൽ നിരീക്ഷണം കടുപ്പിച്ച് കർണാടക പൊലീസ്. അതിർത്തി പങ്കിടുന്ന മേഖലകളിൽ വൻ പൊലീസ് സന്നാഹമാണ് പരിശോധനയുമായി രംഗത്തുള്ളത്.
കേരളത്തിൽനിന്നുള്ള മുഴുവൻ വാഹനങ്ങളും അരിച്ചുപെറുക്കിയാണ് കടത്തിവിടുന്നത്. കൊണാജെ, ഉള്ളാൾ, പുത്തൂർ, സുള്ള്യ, വിട്ല എന്നിവിടങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കി.
രാവിലെ മുതൽ രാത്രി വരെ നീളുന്നതാണ് വാഹന പരിശോധന. തലപ്പാടി അതിർത്തിയിൽ കേരള പൊലീസും വാഹന പരിശോധന ആരംഭിച്ചു.
ടോൾ ഫീ ഒഴിവാക്കാൻ പലരും ഉപയോഗിക്കുന്ന തലപ്പാടി ദേവിപുരയിലെ ഉൾറോഡിലും പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. നെറ്റിലപ്പദവ്-കെടമ്പാടി അതിർത്തിയിൽനിന്ന് വരുന്ന വാഹനങ്ങൾ കൊണാജെ പൊലീസാണ് പരിശോധിക്കുന്നത്. മുടുങ്ങരുകട്ടെ, പാടൂർ, നന്ദാരപദവ്, നാര്യ അതിർത്തി പ്രദേശങ്ങളിലും ശക്തമായ പൊലീസ് സാന്നിധ്യമുണ്ട്.
വിട്ലയിലെ വിവിധ ചെക്ക്പോസ്റ്റുകളിൽ 25 പേരടങ്ങുന്ന സംഘത്തെ ശനിയാഴ്ച മുതൽ നിയോഗിച്ചു. സാറട്ക, കന്യാന, സാലേതൂർ ചെക്ക്പോസ്റ്റുകളിലും കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. പുത്തൂരിനെയും കാസർകോടിനെയും ബന്ധിപ്പിക്കുന്ന പാണാജെ ചെക്ക്പോസ്റ്റിലും പരിശോധന ശക്തമാക്കി. പാലത്തൂർ ചെക്ക്പോസ്റ്റിൽ വാഹന നിരീക്ഷണവും വർധിപ്പിച്ചു.
ജൽസൂർ ചെക്ക്പോസ്റ്റിലും വാഹന പരിശോധന കടുപ്പിച്ചു. അടൂർ ചെക്ക്പോസ്റ്റിലും സുരക്ഷ ശക്തമാക്കി.
അതേസമയം, ദക്ഷിണ കന്നഡയിൽ കഴിഞ്ഞദിവസം പ്രഖ്യാപിച്ച നിരോധനാജ്ഞ രണ്ടു ദിവസംകൂടി നീട്ടി. കൊലപാതകങ്ങളെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാലാണ് ജില്ല ഭരണകൂടത്തിന്റെ നടപടി.
ജില്ലയിൽ വൈകീട്ട് ആറു മുതൽ രാവിലെ ആറുവരെ സ്ഥാപനങ്ങളോ കടകളോ തുറക്കരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാനാണ് പൊലീസിനുള്ള നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.