കാസർകോട്: കാലവർഷത്തിൽ ജില്ലയിൽ 3180 കർഷകർക്ക് വിളനാശം. 2.78 കോടി രൂപയുടെ നഷ്ടമാണ് ജില്ലയിലുണ്ടായത്. 37 ഹെക്ടർ സ്ഥലത്താണ് കാലവർഷ കെടുതി നാശം വിതച്ചത്. ഈവർഷം ജൂൺ ഒന്നുമുതൽ ഏറ്റവും കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായ ആഗസ്റ്റ് അഞ്ചുവരെ കാലയളവിലേതാണ് ഈ കണക്ക്. പരപ്പ ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ വിളനാശം. 26.05 ഹെക്ടറിൽ 955 കർഷകർക്ക് 1.30 കോടി രൂപയുടെ നാശ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. നീലേശ്വരം ബ്ലോക്കിൽ 9.73 ഹെക്ടറിൽ 674 കർഷകർക്ക് 56.74 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. കാഞ്ഞങ്ങാട് ബ്ലോക്കിൽ 36.94 ഹെക്ടറിൽ 576 കർഷകർക്ക് 39.79 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. കാറടുക്ക 74.47 ഹെക്ടറിൽ 305 കർഷകർക്ക് 17.60 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കാസർകോട് 62.48 ഹെക്ടറിൽ 502 കർഷകർക്ക് 16.12 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
മഞ്ചേശ്വരത്ത് 520.23 ഹെക്ടറിൽ 168 കർഷകർക്ക് 17.49 ലക്ഷം രൂപയുടെ നഷ്ടവും ഉണ്ടായി. അടക്ക കർഷകർക്കാണ് ഏറ്റവും വലിയ നഷ്ടമുണ്ടായിട്ടുള്ളത്. വിളയുള്ള കവുങ്ങുകൾ 10531 എണ്ണമാണ് നശിച്ചത്. 7.68 ഹെക്ടറിൽ 1,182 കർഷകർക്കാണ് ഈ നാശം. 31.59 ലക്ഷം രൂപയുടെ കവുങ്ങ് കൃഷിയാണ് നശിച്ചത്. 0.180 ഹെക്ടറിലാണ് ഏലം നശിച്ചത്. ആറ് കർഷകരെയാണ് ബാധിച്ചത്. ഒരു ഹെക്ടറിൽ പ്ലാവ് നശിച്ചു. 2390 പേരുടെ വിളയുള്ള തെങ്ങ് നശിച്ചു. 13.66 ഹെക്ടറിൽ 896 പേർക്കാണ് നഷ്ടം. 1.19 കോടി രൂപയുടെ കായ്ഫലമുള്ള തെങ്ങുകളാണ് കടപുഴകിയത്. 113 തൈത്തെങ്ങുകളും നശിച്ചു. 8775 കുലച്ച നേന്ത്ര വാഴകൃഷി നശിച്ചു. 3.51 ഹെക്ടറിൽ 565 പേർക്കാണ് വാഴ കൃഷി നശിച്ചത്. 52.65 ലക്ഷമാണ് നഷ്ടം.
166 കർഷകരുടെ 2700 കുലക്കാത്ത വാഴകൾ നശിച്ചു. 10.80 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുവഴിയുണ്ടായത്. 153 കർഷകരുടെ 1040 പാലെടുക്കുന്ന റബർമരങ്ങൾ നശിച്ചു. 29 കർഷകരുടെ 365 പാലെടുക്കാത്ത റബർ മരങ്ങളാണ് കടപുഴകിയത്. രണ്ട് കർഷകരുടെ രണ്ടുവീതം കശുമാവുകൾ ആറ് കർഷകരുടെ 16 കൊക്കോ മരങ്ങൾ, 22 കർഷകരുടെ 145 കുരുമുളക് കൃഷികൾ, അഞ്ച് കർഷകരുടെ പച്ചക്കറി പന്തൽ എന്നിവ നശിച്ചു. 7.250 ഹെക്ടറിലാണ് നെൽകൃഷി നശിച്ചത്. 17 കർഷകർക്കാണ് കൃഷി നാശം. 10 ലക്ഷം നഷ്ടം കണക്കാക്കുന്നു. ആകെ 37.89 ഹെക്ടറിൽ 3,180 പേർക്ക് 278.21 ലക്ഷത്തിന്റെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
കുമ്പള: തീവ്ര മഴക്കൊപ്പം പനിഭീതിയും. ജില്ലയിലെ ഭൂരിഭാഗം ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാരുടെ കസേരകളിൽ പകുതിയും ഒഴിഞ്ഞു കിടക്കുന്നു. ഒഴിവുകൾ നികത്താൻ യാതൊരു നടപടിയുമില്ല. കുമ്പള തീരമേഖലയിൽ പ്രവർത്തിച്ചുവരുന്ന ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററിൽ ദിവസേന എത്തുന്നത് മുന്നൂറിൽ പരം രോഗികളാണ്. രോഗികൾക്ക് നിന്നുതിരിയാൻ ഇവിടെ സ്ഥലമില്ല. കാസർകോട് ബ്ലോക്ക് പഞ്ചായത്തിനാണ് ഈ ആരോഗ്യ കേന്ദ്രത്തിന്റെ ഭരണ ചുമതല.
പതിറ്റാണ്ടുകളായി ബ്ലോക്ക് പഞ്ചായത്തിന് ഈ ആശുപത്രി വികസനത്തിനായി ഒന്നും ചെയ്യാനും കഴിഞ്ഞിട്ടില്ല. കുറെ പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സമർപ്പിച്ച് കാത്തിരിക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത്. നേരത്തെ 14 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചപ്പോൾ സംസ്ഥാന സർക്കാർ വിഹിതമായ 40 ശതമാനം സംസ്ഥാന സർക്കാർ വഹിക്കണമെന്ന് പറഞ്ഞപ്പോൾ മുൻ സർക്കാർ അതിന് തയാറായില്ല. പിന്നീട് 5.40 കോടി രൂപയുടെ പദ്ധതി അനുവദിച്ചതായി പറഞ്ഞു. ഇതും ചുവപ്പുനാടയിൽ തന്നെ.
കോടികൾ അനുവദിച്ചതായി പത്രക്കുറിപ്പ് ഇറക്കുന്നതല്ലാതെ തുടർനടപടികൾ എവിടെയും ഉണ്ടാകുന്നില്ല. രോഗം പിടിപെടുന്നതിൽ ജാഗ്രത പുലർത്താൻ മാത്രമാണ് ഡി.എം.ഒ ആവശ്യപ്പെടുന്നത്. ചികിത്സക്ക് സംവിധാനമൊരുക്കാൻ ആരോഗ്യ വകുപ്പ് അധികൃത ർക്ക് കഴിയുന്നില്ല. അത് സമ്മർദം ചെലുത്തി നേടിയെടുക്കാൻ ബ്ലോക്ക് പഞ്ചായത്തിനുമാകുന്നില്ല. എച്ച് വൺ, എൻ വൺ ഉൾപ്പെടെയുള്ള രോഗഭീഷണിയാണ് ജില്ല നേരിടുന്നത്. മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലുള്ള ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ കഴിഞ്ഞവർഷം മുതലാണ് ബ്ലോക്ക് ഫാമിലി സെന്ററായി മാറിയത്.
ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനം കാസർകോടാണ്. എംപിയുടെയും രണ്ട് എം.എൽ.എമാരുടെയും സഹായം കിട്ടുമായിരുന്നിട്ടും ആശുപത്രിയുടെ ശോച്യാവസ്ഥക്ക് പരിഹാരമില്ല. കുമ്പള തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളും, സമീപപ്രദേശത്തെ കൃഷിക്കാരും നഗരത്തിലുള്ള സർക്കാർ സ്കൂൾ ഉൾപ്പെടെയുള്ള അഞ്ചോളം വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾ, നഗരത്തിലെ വ്യാപാരികളും, ജീവനക്കാരുമെല്ലാം രോഗം വന്നാൽ ആശ്രയിക്കുന്നത് ഈ സർക്കാർ ആശുപത്രിയെയാണ്. ഓടുമേഞ്ഞതും പഴക്കം ചെന്നതുമായ ആശുപത്രിയിലെ പ്രധാന കെട്ടിടം ചോർന്നൊലിക്കുന്നത് മൂലം കഴിഞ്ഞവർഷം മുതൽ അടച്ചിട്ടു. നേരത്തെ ഉണ്ടായിരുന്ന കിടത്തി ചികിത്സയും ഇപ്പോഴില്ല. കെട്ടിടത്തിന് 68 വർഷത്തെ പഴക്കമുണ്ട്. എന്നിട്ടും പുനർനിർമാണത്തിനുള്ള മുറവിളി മാത്രമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.