കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം

കാസര്‍കോട്: വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്കുള്ള വിദ്യാലയത്തില്‍ അഡ്മിഷന്‍ ആരംഭിച്ചു. 40 ശതമാനമെങ്കിലും കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്ക് ഏത് ക്ലാസിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് സിലബസ് അനുസരിച്ചാണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. വിവിധ അക്കാദമിക വിഷയങ്ങള്‍ക്ക് പുറമെ ​ബ്രെയില്‍ എഴുത്ത്, സ്വതന്ത്ര സഞ്ചാരപരിശീലനം, പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള കമ്പ്യൂട്ടര്‍ പഠനം, വായ്പാട്ട്, ഉപകരണ സംഗീതം, പ്രവൃത്തിപരിചയ പഠനം, കായിക വിദ്യാഭ്യാസം തുടങ്ങിയവ ഉള്‍പ്പെടുന്ന പ്രത്യേക പരിശീലനം വിദ്യാർഥികള്‍ക്ക് ലഭിക്കും. സൗജന്യമായി താമസിച്ച് പഠിക്കാനുള്ള ഹോസ്റ്റല്‍ സൗകര്യവും സ്‌കൂളില്‍ ലഭിക്കും. ഫോണ്‍: 9846162180, 8075084706. 'നല്ല വീട് നല്ല നാട്'; ചേലോടെ ചെമ്മനാട് കാസർകോട്​: അജൈവ മാലിന്യസംസ്‌കരണത്തിന് ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആരംഭിക്കുന്ന 'നല്ല വീട് നല്ല നാട് ചേലോടെ ചെമ്മനാട്' എന്ന ബൃഹത്തായ പദ്ധതിക്ക് മേയ് 15ന് തുടക്കമാകും. മാലിന്യസംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേംസ് ഇക്കോ സൊലൂഷന്‍ കമ്പനിയുമായി കൈകോര്‍ത്താണ് പദ്ധതി നടപ്പിലാക്കുന്നത്. യൂസേഴ്‌സ് ഫീസ് ഈടാക്കി എല്ലാ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും മാസത്തിലൊരുതവണ ഹരിതകര്‍മസേന പ്ലാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യം സ്വീകരിക്കും. പദ്ധതി നടപ്പിലാക്കുന്നതോടെ അറവുശാലയിലെ മാലിന്യങ്ങളും മറ്റും പൊതുനിരത്തുകളിലേക്കും തോടുകളിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയുന്നതിനെതിരെ കര്‍ശന നടപടികളുണ്ടാകും. അജൈവമാലിന്യം സ്വീകരിക്കുന്നതിന് വീടുകള്‍ക്ക് 50 രൂപയും സ്ഥാപനങ്ങള്‍ക്ക് മാലിന്യത്തിന്റെ തോതനുസരിച്ച് 100 രൂപയില്‍ കുറയാതെയും യൂസേഴ്‌സ് ഫീസ് ഇടാക്കും. ബയോ മെഡിക്കല്‍, സാനിറ്ററി നാപ്കിന്‍, ഡയപ്പര്‍ ഒഴികെയുള്ള മുഴുവന്‍ അജൈവ മാലിന്യവും ശേഖരിച്ച് സംസ്‌കരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഒഴിവാക്കപ്പെട്ടവ കൂടി അടുത്തഘട്ടത്തില്‍ പരിഗണിക്കുന്നതിന് നടപടിയുണ്ടാവും. ചെമ്മനാട് പഞ്ചായത്തില്‍ മാലിന്യസംസ്‌കരണം കീറാമുട്ടിയായ സാഹചര്യത്തിലാണ് ഭരണസമിതി ഈ ജനകീയപദ്ധതിക്ക് തുടക്കംകുറിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിന് മുന്നോടിയായി വ്യാപാരികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ, സന്നദ്ധസംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി അവലോകനയോഗം നടത്തും. ഒരു വാര്‍ഡില്‍ ഒരുദിവസം എന്ന രീതിയിലാണ് മാലിന്യം ശേഖരിക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ ഹരിത കര്‍മസേന അംഗങ്ങള്‍, കുടുംബശ്രീ എ.ഡി.എസ് അംഗങ്ങള്‍, തൊഴിലുറപ്പ്‌മേറ്റ്മാര്‍, ആശ- അംഗൻവാടി പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും. പഞ്ചായത്ത്തല അവലോകനയോഗം പ്രസിഡന്‍റ്​ സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ മണ്‍സൂര്‍ കുരിക്കള്‍, സ്ഥിരംസമിതി അധ്യക്ഷ രമ ഗംഗാധരന്‍, ആയിഷ അബൂബക്കര്‍, ഷംസുദ്ദീന്‍ തെക്കില്‍, സെക്രട്ടറി കെ. സുരേന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ അഹമ്മദ് കല്ലട്ര, രാജന്‍ കെ. പൊയിനാച്ചി, മനോജ് കുമാര്‍, കെ. കൃഷ്ണന്‍, സുജാത രാമകൃഷ്ണന്‍, വി.ഒ. രാജേന്ദ്രന്‍, ശ്രീരാഗ് കുറുവാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു. 'എന്റെ തൊഴില്‍ എന്റെ അഭിമാനം' കാസർകോട്​: 'എന്റെ തൊഴില്‍ എന്റെ അഭിമാനം' എന്ന പദ്ധതിയുടെ വിവരശേഖരണത്തിനും പ്രചാരണത്തിനും അജാനൂര്‍ പഞ്ചായത്തില്‍ തുടക്കമായി. മൂന്നാം വാര്‍ഡില്‍ നടന്ന സര്‍വേ പഞ്ചായത്ത് പ്രസിഡന്‍റ്​ ടി. ശോഭ ഉദ്ഘാടനം ചെയ്തു. മറ്റ് വാര്‍ഡുകളില്‍ വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ സര്‍വേ പ്രവര്‍ത്തനം ആരംഭിച്ചു. കുടുംബശ്രീയുടെ സഹായത്തോടെയാണ് സംസ്ഥാന ചരിത്രത്തിന്റെ ഭാഗമാകുന്ന തൊഴില്‍രഹിത സര്‍വേ നടത്തുന്നത്. ഇതിന് കിലയുടെ നേതൃത്വത്തിലുള്ള പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്‌സൻമാരാണ് നേതൃത്വംകൊടുക്കുന്നത്. സര്‍ക്കാറിതര മേഖലകളില്‍ തൊഴിലന്വേഷിക്കുന്ന 18-59 പ്രായക്കാരുടെ വിവരങ്ങള്‍ വീടുകളില്‍നിന്ന് നേരിട്ട് ശേഖരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.