ദേശീയപാത: ജനപ്രതിനിധികളുടെ യോഗം വിളിക്കണമെന്ന്​ എം.എൽ.എ

കാസർകോട്​: ദേശീയപാത വികസനം വഴിയുള്ള പ്രയാസം ചർച്ച ചെയ്യാൻ ജനപ്രതിനിധികളുടെ യോഗം വിളിക്കണമെന്ന്​ ആവശ്യപ്പെട്ട്​ എൻ.എ. നെല്ലിക്കുന്ന്​ എം.എൽ.എ ജില്ല കലക്ടർക്ക്​ കത്ത്​ നൽകി. ചെർക്കളയിലെ ഫ്ലൈഓവർ ഓപൺ സ്പാൻ ചെർക്കള ജങ്​ഷനു കുറച്ചു മുമ്പായാണ് തുടങ്ങുന്നത്. ജനങ്ങളും ത്രിതല പഞ്ചായത്ത് അംഗങ്ങളും ഇതിനെതിരാണ്. നിരവധി വാണിജ്യ സ്ഥാപനങ്ങൾ, രണ്ട് സ്കൂളുകൾ, ചെങ്കള പഞ്ചായത്ത് ഓഫിസ് കെട്ടിടം എന്നിവ ഈ ജങ്​ഷനു തൊട്ടുമുമ്പാണ് സ്ഥിതിചെയ്യുന്നത്. ഫ്ലൈഓവറിനുവേണ്ടി മതിൽ നിർമിക്കുകയാണെങ്കിൽ റോഡിന്റെ ഇരുവശങ്ങളിലുള്ള ജനങ്ങൾ ഒറ്റപ്പെടും. ഫ്ലൈ ഓവർ ഓപൺ സ്പാൻ 300 മീറ്റർ കാസർകോട് ഭാഗത്തേക്ക് നീട്ടുകയാണ്​ ഇതിനു പരിഹാരമെന്ന്​ എം.എൽ.എ കത്തിൽ നിർദേശിച്ചു. ചെർക്കളത്തിനും തെക്കിലിനുമിടയിൽ കരാർ പ്രകാരം സർവിസ് റോഡ് ഇല്ല. സർവിസ് റോഡില്ലാത്ത ആറു വരി പാതയും ഒരു വശത്തുനിന്ന് മറ്റൊരു വശത്തേക്ക് ജനങ്ങൾക്ക് സഞ്ചരിക്കാൻ സംവിധാനമില്ലായ്മയും കടുത്ത പ്രയാസം സൃഷ്ടിക്കും. മൊഗ്രാൽപുത്തൂർ ടൗൺ, എരിയാൽ, അടക്കത്ത്ബയൽ, അണങ്കൂർ ജങ്​ഷൻ, വിദ്യാനഗർ, ബി.സി റോഡ് ജങ്​ഷൻ, നായന്മാർമൂല, നാലാം മൈൽ തുടങ്ങിയ പ്രദേശങ്ങളിൽ അണ്ടർ പാസുകൾ അത്യാവശ്യമാണ്. ചില വീടുകൾ ഭാഗികമായിട്ടാണ് ദേശീയപാത അതോറിറ്റി ഏറ്റെടുത്തത്. താമസിക്കുന്ന വീടിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയാൽ അത്തരം വീടുകൾ വാസയോഗ്യമല്ലാതാകും. കെട്ടിടം മുഴുവനായി ഏറ്റെടുക്കുകയോ വീടുകളിൽനിന്ന് സുരക്ഷിതമായ ദൂരത്തിൽ പാത നിർമിക്കുകയോ വേണമെന്നും എൻ.എ. നെല്ലിക്കുന്ന്​ കത്തിൽ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.