ആദ്യ ഓക്സിജന്‍ പ്ലാന്റ് നാളെ നാടിന് സമര്‍പ്പിക്കും

കാസർകോട്: ജില്ലയിലെ ആദ്യ ഓക്സിജന്‍ പ്ലാൻറ് വെള്ളിയാഴ്ച മന്ത്രി പി. രാജീവ് നാടിന് സമര്‍പ്പിക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയാകും. മെഡിക്കല്‍ ഓക്സിജന്റെ ആദ്യ ഓര്‍ഡര്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിക്കും. വ്യവസായ ഓക്സിജന്റെ ആദ്യ ഓര്‍ഡര്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ സ്വീകരിക്കും. ജില്ല പഞ്ചായത്തിന്റെ കുടുംബശ്രീ റിവോള്‍വിങ് ഫണ്ട് 1.80 ലക്ഷം രൂപ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ വിതരണം ചെയ്യും. ചട്ടഞ്ചാലിലെ വ്യവസായ പാര്‍ക്കിലെ ജില്ല പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള 50 സെന്റ് സ്ഥലവും 1.27 കോടി രൂപയും ജില്ല പഞ്ചായത്ത് പദ്ധതിക്കായി മാറ്റിവെച്ചു. ജില്ലയിലെ ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളില്‍നിന്നും നഗരസഭകളില്‍നിന്നുമായി ലഭിച്ച തുകയും ചേര്‍ത്ത് 2.97 കോടി രൂപയാണ് ഓക്സിജന്‍ പ്ലാന്റ് നിര്‍മാണത്തിനായി ചെലവഴിച്ചത്. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജില്ല ഭരണകൂടത്തിന്റെയും കൂട്ടായ്മയിലാണ് പദ്ധതി. പൊതുമേഖലയില്‍ ചട്ടഞ്ചാലില്‍ സ്ഥാപിച്ച കാസര്‍കോട് ഓക്സിജന്‍ പ്ലാന്റിന്റെ നിര്‍മാണച്ചുമതല കൊച്ചി ആസ്ഥാനമായ കെയര്‍ സിസ്റ്റംസിനായിരുന്നു. പ്ലാന്റിന്റെ സിവില്‍ പ്രവൃത്തികള്‍ നിർമിതികേന്ദ്രമാണ് നടപ്പിലാക്കിയത്. ദിവസം 200 സിലിണ്ടര്‍ ഓക്സിജന്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന പ്ലാന്റില്‍നിന്ന് മെഡിക്കല്‍ ആവശ്യത്തിനും വ്യവസായിക ആവശ്യങ്ങള്‍ക്കും ചുരുങ്ങിയനിരക്കില്‍ ഓക്സിജന്‍ ലഭ്യമാക്കുമെന്നും ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെല്ലാം ഇവിടെനിന്ന് ഓക്സിജന്‍ വാങ്ങുന്നതരത്തില്‍ കരാര്‍ ഉണ്ടാക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ഫോട്ടോ: ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ഉദ്ഘാടനത്തിനൊരുങ്ങിയ ഓക്സിജന്‍ പ്ലാൻറ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.