മടിക്കൈ ബജറ്റ്: കാർഷിക മേഖലക്ക്​ ഊന്നൽ

നീലേശ്വരം: കാർഷിക മേഖലക്കും ടൂറിസത്തിനും ഊന്നൽ നൽകി മടിക്കൈ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ്​ വി. പ്രകാശന്‍ അവതരിപ്പിച്ചു. 'ഒരു വീട്ടില്‍ ഒരു ഫലവൃക്ഷം' എന്ന പദ്ധതി നടപ്പിലാക്കും. ഇതിനായി വീടുകള്‍തോറും പഴവര്‍ഗ ചെടികള്‍ വിതരണംചെയ്യും. ഇതോടൊപ്പം ഗ്രാമത്തില്‍ ആഴ്ചചന്തകള്‍ തിരിച്ചുകൊണ്ടുവരും. 'ടേക് എ ബ്രേക്ക്' കേന്ദ്രങ്ങളോട് ചേര്‍ന്ന് കുടുംബശ്രീ സഹകരണത്തോടെ പച്ചക്കറി, മത്സ്യ, മാംസ വിപണന സ്റ്റാളുകൾ ആരംഭിക്കും. പഞ്ചായത്തിനകത്തും പുറത്തും കുടുംബശ്രീ സഹകരണത്തോടെ ഇക്കോഷോപ്പുകള്‍ തുടങ്ങും. പ്രധാനകേന്ദ്രങ്ങളില്‍ മില്‍മ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കും. സായുധ റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള തൊഴില്‍മേഖലകളിലേക്ക് അഭ്യസ്തവിദ്യരായ യുവതി യുവാക്കളെ സന്നദ്ധരാക്കുന്നതിന് സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ കരിയര്‍ ഗൈഡന്‍സ് പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങും. കായിക താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ മടിക്കൈ സ്‌പോര്‍ട്‌സ് അക്കാദമി ആരംഭിക്കും. ക്ലബ്ബുകളുടെ സഹകരണത്തോടെ മടിക്കൈ പ്രീമിയര്‍ലീഗ് ഫുട്‌ബാള്‍, കബഡി ചാമ്പ്യന്‍ഷിപ് നടത്തും. അംഗൻവാടികളില്ലാത്ത അഞ്ചില്‍കുറഞ്ഞ കുട്ടികളുള്ള ഊരുകളില്‍ 'എന്റെ ടീച്ചര്‍' സഹായത്തോടെ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കും. സ്ത്രീപക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജൂഡോ, കരാട്ടേ, യോഗ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും. പാരമ്പര്യതൊഴിലുകളുടെ പുനരജീവനവും വൈവിധ്യവത്​കരണവും ലക്ഷ്യമിട്ട് എരിക്കുളം, കൂട്ടപ്പുന, അങ്കക്കളരി പ്രദേശങ്ങളെ ബന്ധപ്പെടുത്തി ഹെറിറ്റേജ് സര്‍ക്യൂട്ടിന് രൂപം കൊടുക്കും. മടിക്കൈയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഫ്‌ളോട്ടിങ് പാര്‍ക്കുകളും ടൂറിസം ഹബ്ബുകളും തുറക്കും. പ്രസിഡന്റ്​ എസ്. പ്രീത അധ്യക്ഷത വഹിച്ചു. nlr madikai panchayth budjetമടിക്കൈ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ്​ വി. പ്രകാശൻ അവതരിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.