ഉദുമ: കാർഷികം, ഗതാഗതം, ടൂറിസം, മത്സ്യ മേഖലകളിൽ ഉണർവ് നൽകാൻ പര്യാപ്തമായ നിർദേശങ്ങൾ ഉൾപ്പെടുത്തി ഉദുമ ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ടൂറിസം മേഖലയിൽ ബേക്കൽ അഴിമുഖം മുതൽ നൂമ്പിൽ പുഴ വരെയുള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തി ടൂറിസ്റ്റ് സർക്യൂട്ട് രൂപവത്കരിക്കും. ഭാവിയിലെ വെല്ലുവിളികളും സാധ്യതകളും അടുത്തറിയാനുള്ള ശ്രമങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് വൈസ് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ പറഞ്ഞു. 28,82,97,000 രൂപ വരവും 27, 67,55,300 രൂപ ചെലവും 1,15,41,700 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഭരണസമിതി തയാറാക്കിയിട്ടുള്ളത്. പരമ്പരാഗത ജലസ്രോതസ്സുകൾ, നീർത്തടങ്ങൾ, കിണർ റീചാർജിങ് എന്നിവക്ക് 10 ലക്ഷം രൂപ വീതം വകയിരുത്തി. മാലിന്യമുക്ത പഞ്ചായത്തായി നിലനിർത്താൻ സർക്കാർ സഹായത്തോടെ പദ്ധതി ആവിഷ്കരിക്കും. ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിനായി സ്ഥലം വാങ്ങാനും സംസ്ഥാനപാത ഹരിതാഭമാക്കാനും 10 ലക്ഷം രൂപ വീതം വകയിരുത്തിയിട്ടുണ്ട്. പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ ബജറ്റ് അവതരിപ്പിച്ചു. സെക്രട്ടറി കെ. നാരായണൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി. കുമാരൻ നായർ, മുൻ പ്രസിഡന്റ് കെ.എ. മുഹമ്മദാലി, മുൻ സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രഭാകരൻ തെക്കേക്കര, കെ. സന്തോഷ് കുമാർ, സി.ഡി. എസ് ചെയർപേഴ്സൻ സനൂജ, പാറയിൽ അബൂബക്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.