കായിക പ്രേമികളുടെ സ്വപ്നം പൂവണിയുന്നു; കാലിക്കടവ് സ്റ്റേഡിയം നിർമാണം അവസാന ഘട്ടത്തിലേക്ക്

ചെറുവത്തൂർ: പിലിക്കോട് പഞ്ചായത്തിലെ കാലിക്കടവ് മിനി സ്റ്റേഡിയം നിർമാണ പ്രവൃത്തി പുരോഗമിക്കുന്നു. കാസർകോട്​ വികസന പാക്കേജിൽ രണ്ടുകോടിയും പിലിക്കോട് പഞ്ചായത്ത് വിഹിതമായി 35 ലക്ഷം രൂപയും ഉപയോഗിച്ചാണ് മിനിസ്റ്റേഡിയം നിർമാണം നടക്കുന്നത്. കണ്ണൂർ, കാസർകോട്​ ജില്ലകളുമായി അതിർത്തി പങ്കിടുന്ന പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ സിരാകേന്ദ്രമായ കാലിക്കടവിലെ അഞ്ച് ഏക്കർ വിസ്തൃതി വരുന്ന മൈതാനത്തെ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയമാക്കി വികസിപ്പിക്കണമെന്നത് പൊതുജനങ്ങൾ വളരെക്കാലമായി ആവശ്യപ്പെട്ടിരിക്കുകയായിരുന്നു. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നിരവധി കായിക താരങ്ങളെ പരിശീലിപ്പിച്ചെടുക്കുന്നതിന് നിലവിലുള്ള മൈതാനം പ്രയോജനപ്പെട്ടിട്ടുണ്ടെങ്കിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കായിക പരിശീലനത്തിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സ്റ്റേഡിയത്തിന്റെ ഒന്നാം ഘട്ട പ്രവർത്തനമാണ് ഇപ്പോൾ നടന്നുവരുന്നത്. സൗകര്യപ്രദമായ ട്രസ്ഡ് റൂഫ് മേൽക്കൂരയോടുകൂടിയ സ്റ്റേജ്, മണ്ണിട്ടുയർത്തിയ ഗ്രൗണ്ട്, രണ്ട് നിലകളിലായി വനിത, പുരുഷ കായികതാരങ്ങൾക്ക് വെവ്വേറെ വിശ്രമ മുറികളും താമസ സൗകര്യവും ശൗചാലയ സൗകര്യങ്ങളും നിലവിലെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടുനില കെട്ടിടത്തിന്റെ ഇരുവശങ്ങളിലായി ആറുവരികളായി കോൺക്രീറ്റ് ഗാലറി സൗകര്യം ഒരുക്കിക്കഴിഞ്ഞു. ബോർവെൽ ഉൾപ്പെടെയുള്ള ജലവിതരണ സൗകര്യങ്ങൾ, കെട്ടിടത്തിന്റെ വൈദ്യുതീകരണം എന്നിവക്കും തുക വകയിരുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.