നടുവൊടിഞ്ഞ മുണ്ടേമ്മാട് പാലത്തിന് പകരം പുതിയതിന് പത്ത് കോടി

നീലേശ്വരം: നഗരസഭയിലെ ഏക ദ്വീപ് നാടായ മുണ്ടേമ്മാട് നിവാസികൾക്ക് ഇനി ആശ്വസിക്കാം. മുണ്ടേമ്മാട് പുഴക്ക് കുറുകെ പുതിയ പാലം നിർമിക്കാൻ പത്ത് കോടി രൂപയാണ് പുതിയ ബജറ്റിൽ നീക്കിവെച്ചത്. കടത്തു തോണിയെ മാത്രം ആശ്രയിച്ച് ജീവിച്ച മുണ്ടേമ്മാട് ജനതയുടെ ദുരിത ജീവിതം ഏറെ ചർച്ചയായിരുന്നു. കുടിവെള്ളത്തിനായി സ്ത്രീകൾ തോണി തുഴഞ്ഞ് മറുകര താണ്ടിയാണ് പോകുന്നത്. തുടർന്ന് നിരവധി പ്രക്ഷോഭങ്ങൾക്ക് ശേഷം നിർമാണം പൂർത്തിയാക്കി 1984ൽ മുഖ്യമന്ത്രി ഇ.കെ. നായനാർ പാലം ഉദ്ഘാടനം ചെയ്തു. എന്നാൽ ഒരു വർഷങ്ങൾക്ക് ശേഷം പാലത്തി​ന്റെ നടുഭാഗം മെല്ലെ താഴാൻ തുടങ്ങി. പാലത്തി​ന്റെ നടുവിലെ രണ്ടുതൂണുകൾ ചളിയിൽ അമർന്നതാണ് താഴാൻ കാരണമായതെന്ന് നാട്ടുകാർ അധികൃതരെ അറിയിച്ചു. ഇതി​ന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് അധികൃതർ യന്ത്രസഹായത്തോടെ തൂണുകൾ ഉയർത്തി ബലപ്പെടുത്തിയിരുന്നു. എന്നാൽ, ഈ പ്രവർത്തനങ്ങളും വിജയിച്ചില്ല. പാലം വീണ്ടും പഴയ പോലെയായി. രണ്ട് ഭാഗം ഉയർന്നും നടുഭാഗം താഴ്ന്ന നിലയിലുമാണ് പാലം ഇപ്പോൾ. തുടർന്ന് നാട്ടുകാർ മുണ്ടേമ്മാട് വികസന സമിതി രൂപവത്​കരിച്ച് എം. രാജഗോപാലൻ എം.എൽ.എ മുഖേന മന്ത്രിമാർക്ക് നിവേദനം നൽകി. ഒരു വാഹനത്തിന് കഷ്ടിച്ച് സഞ്ചരിക്കാൻ പറ്റുന്ന വീതി മാത്രമെ നിലവിലുള്ള പാലത്തിനുള്ളൂ. അതുകൊണ്ട് തന്നെ പാലം ഉണ്ടായിട്ടും വർഷങ്ങളായി ദുരിതയാത്രയിൽ സഹികെട്ട് നിൽക്കുകയാണ് മുണ്ടേമ്മാട് നിവാസികൾ. ഒടുവിൽ പുതിയ ബജറ്റിൽ പുതിയ പാലം നിർമിക്കാൻ പത്തു കോടി ഉൾപ്പെടുത്തിയത് മുണ്ടേമ്മാട് ദ്വീപ് വാസികൾക്ക് ഏറെ ആശ്വാസകരമായി. പടം: NLR5.jpg അപകടാവസ്ഥയിലായ മുണ്ടേമ്മാട് പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.