നിർത്തിവെച്ച മുഴുവൻ കെ.എസ്.ആർ.ടി.സി. സർവിസുകളും പുനരാരംഭിക്കണം -സി.പി.ഐ

ജൂൺ 22ന് കാസർകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് മാർച്ച് നടത്തും കാസര്‍കോട്: കോവിഡിനെ തുടർന്ന് നിർത്തിവെച്ച മുഴുവൻ കെ.എസ്.ആർ.ടി.സി സർവിസുകളും പുനരാരംഭിക്കണമെന്ന് സി.പി.ഐ ജില്ല കൗൺസിൽ ആവശ്യപ്പെട്ടു. കോവിഡിന് മുമ്പ് ജില്ലയിലെ ദേശസാല്‍കൃത റൂട്ടിലും നോട്ടിഫൈഡ് റൂട്ടിലും ഗ്രാമ പ്രദേശങ്ങളിലും സർവിസ് നടത്തിയിരുന്ന പല ബസുകളും ഇപ്പോള്‍ ഓടുന്നില്ല. ഇത് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന ജനങ്ങള്‍ക്ക് വലിയ പ്രയാസമുണ്ടാക്കുന്നു. ചന്ദ്രഗിരി വഴി കാസര്‍കോട്-കാഞ്ഞങ്ങാട് ദേശസാല്‍കൃത റൂട്ടിലൂടെ കോവിഡിന് മുമ്പ് രാത്രി 9.10ന് കാസര്‍കോട് നിന്നും നീലേശ്വരത്തേക്ക് ഓടിയിരുന്ന അവസാനത്തെ ബസ് ഇപ്പോള്‍ ഓടുന്നില്ല. രാത്രി 8.40 കഴിഞ്ഞാല്‍ പിന്നെ അതുവഴി കാഞ്ഞങ്ങാട്ടേക്ക് ബസില്ല. കോവിഡിന് മുമ്പ് ദേശീയപാത വഴി രാത്രി ഒമ്പതിന് കാസര്‍കോട് നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് ബസ് ഓടിയിരുന്നു. ഇപ്പോള്‍ അന്താരാഷ്ട്ര വിമാന സർവിസുകളെല്ലാം ആരംഭിച്ചിട്ടും ആ ബസ് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകാതെ കോഴിക്കോട് സർവിസ് അവസാനിപ്പിക്കുന്നു. ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്സ്പ്രസ് രാത്രി 10.45നും തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് രാത്രി 11നും കണ്ണൂരില്‍ എത്തിയാല്‍ അതില്‍ വന്ന വടക്കന്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്ന കണ്ണൂര്‍ റെയിൽവേ സ്റ്റേഷനിൽ നിന്നും കാസര്‍കോട്ടേക്കും കാഞ്ഞങ്ങാട്ടേക്കുമുള്ള രണ്ട് ബസുകളും ഇപ്പോള്‍ ഓടുന്നില്ല. ഈ നിലയില്‍ കെ.എസ്.ആർ.ടി.സി. ദേശസാത്കൃത റൂട്ടിലൂടെയും നോട്ടിഫൈഡ് റൂട്ടിലൂടെയും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന സർവിസുകള്‍ പുനരാരംഭിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ജില്ലയിലെ വിവിധ ഗ്രാമ പ്രദേശങ്ങളിലൂടെ ഓടിക്കൊണ്ടിരുന്ന സര്‍വിസുകളും പുനരാരംഭിക്കാത്ത സ്ഥിതിയുണ്ട്. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച മുഴുവന്‍സർവിസുകളും പുനരാരംഭിക്കാന്‍ നടപടിയുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ജൂൺ 22ന് കാസർകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചു. യോഗത്തിൽ കെ.എസ്. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിലംഗം ഇ. ചന്ദ്രശേഖരൻ എം.എൽ.എ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.