കരിപ്പൂർ: ശീതകാല ഷെഡ്യൂൾ നിലവിൽവന്നു; ദുബൈയിലേക്ക് 34 സർവിസ്

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് അന്താരാഷ്ട്ര, ആഭ്യന്തര സർവിസുകളുടെ ശീതകാല ഷെഡ്യൂൾ നിലവിൽവന്നു. ഒക്ടോബർ 30 മുതൽ 2023 മാർച്ച് 25 വരെയാണ് കാലാവധി. ആഗമനവും പുറപ്പെടലും ഉൾപ്പെടെ ആഴ്ചയിൽ 423 സർവിസാണുള്ളത്.

ഇതിൽ 293 എണ്ണം അന്താരാഷ്ട്രവും 130 ആഭ്യന്തര സർവിസുകളുമാണ്. 213 പുറപ്പെടലും 210 ആഗമനവുമാണ് ആഴ്ചയിലുള്ളത്. പുതിയ ഷെഡ്യൂളിൽ ദുബൈയിലേക്ക് ആഴ്ചയിൽ 34 സർവിസാണ് കരിപ്പൂരിൽനിന്ന് ഉണ്ടാവുക. ഷാർജയിലേക്ക് 21ഉം, മസ്കത്ത്, ദോഹ, അബൂദബി എന്നിവിടങ്ങളിലേക്ക് 14 ഉം സർവിസുണ്ട്. ജിദ്ദ-12, ബഹ്റൈൻ-13, റിയാദ്-11 സർവിസും ആഴ്ചയിൽ പുറപ്പെടും. റാസൽഖൈമ, അൽഐൻ, സലാല എന്നിവിടങ്ങളിലേക്കും സർവിസുകളുണ്ട്. ആഭ്യന്തര സെക്ടറിൽ മുംബൈ, ചെന്നൈ 14 വീതവും ഡൽഹി-13, ഹൈദരാബാദ്, ബംഗളൂരു ഏഴ് വീതം സർവിസുകളുമാണുള്ളത്.

കരിപ്പൂരിൽനിന്നുള്ള പ്രതിവാര അന്താരാഷ്ട്ര പുറപ്പെടൽ 148 സർവിസാണ്. ഇതിൽ 72 ഉം എയർ ഇന്ത്യ എക്സ്പ്രസാണ് നടത്തുന്നത്. സ്പൈസ് ജെറ്റ് -17, എയർ ഇന്ത്യ -13, ഇൻഡിഗോ -ഏഴ് അന്താരാഷ്ട്ര പുറപ്പെടലുകളും ആഴ്ചയിലുണ്ട്. വിദേശകമ്പനികളായ ഖത്തർ എയർവേസ്, ഒമാൻ എയർ, എയർ അറേബ്യ, എയർ അറേബ്യ അബൂദബി, ഗൾഫ് എയർ എന്നിവ ഏഴ് വീതവും ഫ്ലൈനാസ്-നാല്, സലാം എയർ -രണ്ട് സർവിസുമാണുള്ളത്. ആഭ്യന്തര സെക്ടറിൽ ഇൻഡിഗോ 45 പ്രതിവാര പുറപ്പെടലുകളാണുള്ളത്. എയർ ഇന്ത്യക്ക് 13 ഉം.

കോവിഡിനുമുമ്പത്തെ സ്ഥിതിയിലേക്ക് സർവിസുകൾ മാസങ്ങൾക്കുമുമ്പേ വന്നിട്ടുണ്ട്. പുതിയ ഷെഡ്യൂളിൽ ഒമാനിലെ സൊഹാറിലേക്ക് സലാം എയർ നടത്തിയിരുന്ന സർവിസ് നിർത്തിയിട്ടുണ്ട്. ഫ്ലൈ ദുബൈയുടെ ദുബൈ സർവിസും ശീതകാല ഷെഡ്യൂളിലില്ല.

0ജനുവരി മുതൽ റൺവേ റീകാർപറ്റിങ്ങിന് പകൽ റൺവേ അടക്കുന്നതിനാൽ ചില സർവിസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാണ് റൺവേ അടക്കുക. പുതിയ ഷെഡ്യൂളിൽ ഈ സമയത്ത് മൂന്ന് ആഗമനവും രണ്ട് പുറപ്പെടലുകളുമാണുള്ളത്. മറ്റ് സർവിസുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Karipur: Winter schedule in effect; 34 service to Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.