കരിപ്പൂര്‍-റിയാദ് വിമാന സര്‍വിസ് പുനരാരംഭിക്കുന്നു

കൊണ്ടോട്ടി: ഒന്നര വര്‍ഷത്തെ ഇടവേളക്കുശേഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് റിയാദിലേക്ക് നേരിട്ട് സര്‍വിസ് ആരംഭിക്കുന്നു. ഡിസംബര്‍ രണ്ട് മുതല്‍ എയര്‍ഇന്ത്യ എക്സ്പ്രസാണ് സര്‍വിസ് നടത്തുന്നത്. നിലവില്‍ സൗദിയിലെ ദമ്മാമിലേക്ക് മാത്രമാണ് കോഴിക്കോട്ടുനിന്ന് നേരിട്ട് സര്‍വിസുള്ളത്. എയര്‍ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയര്‍വേയ്സ് കമ്പനികളാണ് ഈ സര്‍വിസ് നടത്തുന്നത്. ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് റണ്‍വേ നവീകരണഭാഗമായി കഴിഞ്ഞവര്‍ഷം മേയ് ഒന്ന് മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന്, ഇവിടെനിന്ന് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് സര്‍വിസ് നടത്തിയിരുന്ന എയര്‍ഇന്ത്യ, സൗദി എയര്‍ലൈന്‍സ് കമ്പനികള്‍ നെടുമ്പാശ്ശേരിയിലേക്ക് മാറ്റുകയായിരുന്നു. 

ആഴ്ചയില്‍ നാല് സര്‍വിസാണ് റിയാദിലേക്ക് കരിപ്പൂരില്‍നിന്ന് നടത്തുക. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 9.15ന് കരിപ്പൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം റിയാദ് സമയം രാവിലെ 11.45ന് എത്തും. അവിടെനിന്ന് ഉച്ചക്ക് 1.15ന് തിരിക്കുന്ന വിമാനം രാത്രി 8.45ന് തിരിച്ചത്തെും. 189 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന ബി 777-300 വിമാനമാണ് സര്‍വിസ് നടത്തുക. 30 കിലോഗ്രാം ബാഗേജ് അനുവദിക്കുമെന്നാണ് പ്രഖ്യാപനം.

നേരത്തേ കോഴിക്കോട്-ജിദ്ദ റൂട്ടില്‍ 424 സീറ്റുള്ള എയര്‍ഇന്ത്യയുടെ ബി 747 ജംബോജെറ്റ് വിമാനവും കോഴിക്കോട്-റിയാദ് റൂട്ടില്‍ 342 സീറ്റുള്ള ബി 777 വിമാനവുമായിരുന്നു സര്‍വിസ് നടത്തിയിരുന്നത്. സൗദി എയര്‍ലൈന്‍സ് 344 സീറ്റുള്ള ബോയിങ് 777 വിമാനമാണ് കരിപ്പൂരിലേക്ക് സര്‍വിസ് നടത്തുന്നത്. റിയാദിലേക്ക് നേരിട്ട് സര്‍വിസ് ആരംഭിക്കുന്നെങ്കിലും വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാതെ ഈ സെക്ടറിലെ യാത്രാദുരിതത്തിന് പരിഹാരമാകില്ല. 

Tags:    
News Summary - karipur to riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.