കൊച്ചി: കാരക്കോണം മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് പ്രവേശനം വാഗ്ദാനംചെയ്ത് കോഴ വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ പരാതിക്കാരുടെ പണം തിരികെ നൽകി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി). രാജ്യത്തുടനീളം ഇ.ഡിയുടെ നേതൃത്വത്തിൽ സാമ്പത്തിക തട്ടിപ്പുകേസിൽ റെസ്റ്റിറ്റ്യൂഷൻ നടപടി നടക്കുന്നുണ്ടെങ്കിലും സംസ്ഥാനത്താദ്യമായാണ് ഇത്തരത്തിൽ പണം തിരികെ നൽകിയത്.
അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി കണ്ടുകെട്ടിയ 95 ലക്ഷം രൂപയിൽനിന്നാണ് ആറു പരാതിക്കാർക്കായി 89.75 ലക്ഷം രൂപ കൈമാറിയത്. ഇ.ഡി കൊച്ചി ഓഫിസിൽ പരാതിക്കാരായ തിരുവനന്തപുരം ആര്യനാട് സ്വദേശിനി പ്രിയ ജെറാർഡ്, കൊല്ലം കുളത്തൂപ്പുഴ സ്വദേശി രാജൻ പ്രസാദ്, കാരക്കോണം സ്വദേശി സ്റ്റാൻലി രാജ്, ഈറോഡ് സ്വദേശി തമിഴരസു, നാഗർകോവിൽ സ്വദേശികളായ പോൾ സെൽവകുമാർ, ഇങ്കുദാസ് എന്നിവർ തുക ഏറ്റുവാങ്ങി. ആകെ എട്ടുപേരാണ് പരാതിക്കാരെങ്കിലും മറ്റു രണ്ടുപേർ തുക തിരികെ നൽകാനായി അപേക്ഷിച്ചിട്ടില്ല.
അഡ്മിഷൻ വാഗ്ദാനംചെയ്ത് ഏഴു കോടിയിലേറെ തുകയാണ് പ്രതികൾ തട്ടിയെടുത്തത്. ഇതിന്റെ വിചാരണഘട്ടത്തിനു കാത്തുനിൽക്കാതെതന്നെ കണ്ടുകെട്ടിയ തുക ഇരകൾക്ക് നൽകാനുള്ള (റെസ്റ്റിറ്റ്യൂഷൻ) നടപടിയാണ് സ്വീകരിച്ചതെന്ന് ഇ.ഡി അധികൃതർ പറഞ്ഞു. കേസിന്റെ അന്വേഷണ ഘട്ടത്തിലും ഭാഗികമായി തുക നൽകിയിരുന്നു. പത്തോളം കേസുകളിൽ ഇത്തരം നടപടി തുടങ്ങി. അപേക്ഷ ലഭിച്ചതും തുക കൈമാറുന്നതുമെല്ലാം ദിവസങ്ങൾക്കുള്ളിലാണ് നടന്നത്.
എന്നാൽ, കേസിൽ പ്രതികൾക്ക് അനുകൂലവിധിയുണ്ടായാൽ കൈപ്പറ്റിയ തുക തിരികെ നൽകാമെന്ന സത്യവാങ്മൂലത്തോടെയാണ് പരാതിക്കാർക്ക് തുക വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.