സൗഹൃദത്തോടെ പുലരേണ്ട കാലത്ത് അനാവശ്യ വിവാദങ്ങൾ വലിച്ചിട്ട് അന്തരീക്ഷം പ്രക്ഷുബ്​ധമാക്കരുത്​ -കാന്തപുരം വിഭാഗം

കോഴിക്കോട്: മതവിഭാഗങ്ങൾ സൗഹൃദത്തോടെ പുലരേണ്ട കാലത്ത് ഒരു തെളിവുമില്ലാതെ അനാവശ്യമായ വിവാദങ്ങൾ വലിച്ചിട്ട് അന്തരീക്ഷം പ്രക്ഷുബ്​ധമാക്കാൻ ആരും തുനിയരുതെന്ന്​ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറിയേറ്റ്.

പാലാ രൂപത ബിഷപ്പ് നടത്തിയ പരാമർശങ്ങൾ അനുചിതമാണ്​. അതൊഴിവാക്കാമായിരുന്നു. നാക്കുപിഴകളെ പോലും വർഗീയധ്രുവീകരണത്തിനായി ദുരുപയോഗിക്കപ്പെടുന്ന കാലത്ത് കൂടുതൽ ഉത്തരവാദിത്വബോധമുള്ളവരാകാൻ മതസമൂഹങ്ങൾക്കും സമുദായനേതാക്കൾക്കും കഴിയേണ്ടതാണെന്നും സെക്രട്ടറിയേറ്റിന്‍റെ ​പ്രസ്​താവനയിൽ പറഞ്ഞു.

ബിഷപ്പിന്‍റെ പ്രസ്താവനയെ ചൊല്ലിയുള്ള തർക്കങ്ങളും വിവാദവും അവസാനിപ്പിക്കണം. അത് സമൂഹത്തിൽ ശേഷിക്കുന്ന നന്മകളെ കൂടി കെടുത്തിക്കളയും. ബിഷപ്പിന്‍റെ പ്രസ്​താവനയുടെ പേരിൽ ക്രൈസ്തവ സമുദായത്തെയൊന്നാകെ അധിക്ഷേപിക്കുന്നത് അപലപനീയമാണെന്നും മുസ്‌ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു.

രാജ്യത്തെ ജനങ്ങൾക്കിടയിൽ സൗഹൃദവും സ്നേഹവും ശക്തിപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകളാണ് മത, രാഷ്ട്രീയ നേതാക്കളിൽ നിന്ന് ഉണ്ടാകേണ്ടത്​. ഭിന്നിപ്പുകളുടെയും അകറ്റിനിർത്തലുകളുടെയും ഭാഷ ജനങ്ങളിൽ ആഴമേറിയ മുറിവുകൾ ഉണ്ടാക്കും. തലമുറകളോളം അതിന്‍റെ നീറ്റൽ നിലനിൽക്കും. ഒരു സമുദായത്തെയും അകാരണമായി ആക്രമിക്കുന്നത് ശരിയല്ല. വിട്ടുവീഴ്ചയുടെയും മനുഷ്യസ്നേഹത്തിന്‍റെയും പാഠങ്ങൾ ലോകത്തിനു പകർന്നുനൽകാൻ ബാധ്യതപ്പെട്ട മതനേതൃത്വങ്ങൾ വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കേണ്ടതുണ്ട്.

മതസംജ്ഞകളെ അസ്ഥാനത്തും അനവസരത്തിലും ഉപയോഗിച്ച് സാമൂഹികമണ്ഡലത്തെ വാഗ്വാദങ്ങളിലേക്കും സംഘർഷങ്ങളിലേക്കും വലിച്ചുകൊണ്ട് പോകുന്നത് വർഗീയശക്തികളെയായിരിക്കും സന്തോഷിപ്പിക്കുക. അന്യന്‍റെ അവകാശങ്ങളിലേക്ക് കടന്നുകയറുന്നതിനോ പ്രലോഭനങ്ങളിലൂടെയോ ഭീഷണികളിലൂടെയോ മതത്തിലേക്ക് ആളെക്കൂട്ടുന്നതിനോ ഇസ്‌ലാം ആരെയും അനുവദിക്കുന്നില്ല.

എന്നല്ല, അത്തരം തെറ്റായ പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്നതാണ് ഇസ്​ലാമിന്‍റെ മൂല്യവിഭാവന. എന്നിരിക്കെ ജിഹാദ് എന്ന ഇസ്​ലാമിക സംജ്ഞയെ മതപരിവർത്തനത്തിലേക്ക് ചേർത്തുപറയുന്നത് മതത്തെ കുറിച്ച് ശരിയായി മനസിലാക്കാത്തതിന്‍റെ പ്രശ്നമാണ്.

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, പേരോട് അബ്ദുറഹിമാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി, കെ.കെ.അഹ്‌മദ്കുട്ടി മുസ്‌ലിയാർ, പട്ടുവം കെ.പി.അബൂബക്കർ മുസ്‌ലിയാർ, സി.മുഹമ്മദ് ഫൈസി, മാരായമംഗലം അബ്ദുൽറഹ്‌മാൻ ഫൈസി, എന്‍.അലി അബ്ദുല്ല, പ്രൊഫ. യു.സി അബ്ദുല്‍ മജീദ്, സി.പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, എ.സൈഫുദ്ദീൻ ഹാജി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - kanthapuram ap abubakar musliyar responds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.