കണ്ണൂർ: സർവകലാശാല പഠന ബോർഡുകൾക്ക് ചാൻസലറായ ഗവർണർ അംഗീകാരം നൽകിയതോടെ തീർപ്പായത് കണ്ണൂർ സർവകലാശാലയിലെ അക്കാദമിക് പ്രതിസന്ധി. രാഷ്ട്രീയക്കളിയിൽ കുടുങ്ങി രണ്ടരവർഷമായി മുടങ്ങിക്കിടന്ന പഠന ബോർഡുകളാണ് പുതുതായി എത്തിയ വി.സി ഡോ. എസ്. ബിജോയ് നന്ദന്റെ പരിശ്രമത്തിൽ പുനഃസംഘടിപ്പിച്ച് അംഗീകാരം നേടിയെടുക്കാനായത്.
ഡോ. ഗോപിനാഥ് രവീന്ദ്രന്റെ കാലത്ത് പുനഃസംഘടിപ്പിച്ച പഠന ബോർഡ് പട്ടിക ഹൈകോടതിയാണ് റദ്ദാക്കിയത്. ഇതോടെ, പഠന ബോർഡുകളില്ലാത്ത സർവകലാശാലയായി കണ്ണൂരിലേത് മാറി. സിലബസ് രൂപവത്കരണം തുടങ്ങി അക്കാദമിക് കാര്യങ്ങൾ തീരുമാനിക്കുന്ന പ്രധാന സമിതികൾ ഇല്ലാതായതോടെ സർവകലാശാല അഡ്ഹോക്ക് കമ്മിറ്റിയുണ്ടാക്കി. സർവകലാശാല ചട്ടപ്രകാരം അഡ്ഹോക്ക് കമ്മിറ്റികൾക്ക് നിയമസാധുതയുമില്ല. ഇടത് അധ്യാപകരെ കുത്തിനിറച്ചുണ്ടാക്കിയ പട്ടികക്കെതിരെ കെ.പി.സി.ടി.എ മേഖല പ്രസിഡന്റും അക്കാദമിക് കൗൺസിൽ അംഗവുമായ ഡോ. ഷിനോ പി. ജോസ് ആണ് ഹൈകോടതിയെ സമീപിച്ചത്. ചാൻസലറുടെ ശിപാർശയില്ലാതെ വി.സി സ്വന്തം നിലക്കുണ്ടാക്കിയതാണ് പട്ടികയെന്ന് കണ്ടതോടെ 2021 സെപ്റ്റംബർ ഒമ്പതിന് ഹൈകോടതി റദ്ദാക്കി.
പുതിയ വി.സിയുടെ നേതൃത്വത്തിലാണ് പഠന ബോർഡ് പട്ടിക തയാറാക്കി അംഗീകാരത്തിനായി സമർപ്പിച്ചത്. വിവിധ വിഷയങ്ങളിലെ 72 ബോർഡുകളിലായി 850ഓളം അംഗങ്ങളുണ്ട്. വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികളും പട്ടികയിൽ ഇടംപിടിച്ചതായും സിൻഡിക്കേറ്റംഗങ്ങൾ, അക്കാദമിക് ഡീനുമാർ, വിവിധ അധ്യാപക സംഘടനകൾ എന്നിവരുമായി ചർച്ച ചെയ്താണ് പട്ടിക തയാറാക്കിയതെന്നും വി.സി ‘മാധ്യമ’ത്തോട് പറഞ്ഞു.
അടുത്ത അധ്യയന വർഷം സർവകലാശാലയിൽ ആരംഭിക്കുന്ന നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും പഠന ബോർഡുകളുടെ പുനഃസംഘടന കാരണമാകും. പഠന ബോർഡുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനം സർവകലാശാല ഉടൻ പുറത്തിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.