എം. വിജിനുമായി തർക്കിച്ച എസ്.ഐക്ക് വീഴ്ച സംഭവിച്ചു; അനാവശ്യ പ്രകോപനം സൃഷ്ടിച്ചെന്ന് റിപ്പോർട്ട്

കണ്ണൂർ: കല്യാശ്ശേരി എം.എൽ.എ എം. വിജിനുമായി വാക്കുതർക്കമുണ്ടായ സംഭവത്തിൽ കണ്ണൂർ ടൗൺ എസ്.ഐ ടി.പി. ഷമീലിന് വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. സിറ്റി പൊലീസ് കമീഷണർക്ക് കണ്ണൂർ എ.സി.പി നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

എസ്.ഐ അനാവശ്യ പ്രകോപനം സൃഷ്ടിച്ചു. പ്രോട്ടോകോൾ ലംഘിക്കുന്ന സമീപനമാണ് എം.എൽ.എയോട് സ്വീകരിച്ചത്. കേരള ഗവ. നഴ്സസ് അസോസിയേഷന്‍റെ മാർച്ചുമായി ബന്ധപ്പെട്ട് യാതൊരു സുരക്ഷാ മുൻകരുതലും സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സ്പെഷ്യൽ ബ്രാഞ്ച് കൈമാറിയ റിപ്പോർട്ടിലും എസ്.ഐക്ക് വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

കലക്ടറേറ്റ് വളപ്പിൽ പ്രതിഷേധ മാർച്ച് നടത്തിയ സംഭവത്തിൽ എം. വിജിൻ എം.എൽ.എയെ ഒഴിവാക്കി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത് വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. കലക്ടറേറ്റിൽ അതിക്രമിച്ചു കയറിയത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി മാർച്ചിൽ പങ്കെടുത്ത നൂറോളം കേരള ഗവ. നഴ്സസ് അസോസിയേഷൻ പ്രവർത്തകർക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്. എം.എൽ.എയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.

കലക്ടറേറ്റ് വളപ്പിൽ അതിക്രമിച്ച് കയറിയവർക്കെതിരെ കേസെടുക്കുമ്പോൾ ഉദ്ഘാടകനെ ഒഴിവാക്കിയതിൽ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. കലക്ടറേറ്റിനകത്ത് അതിക്രമിച്ചു കയറി പ്രസംഗിച്ച എം.എല്‍.എക്കെതിരെ പൊലീസ് കേസെടുക്കാത്തത് ഇരട്ടത്താപ്പാണെന്ന് ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തി.

നഴ്സുമാർക്കെതിരെ അതിക്രമിച്ചുകയറല്‍, ഗതാഗത തടസ്സം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തപ്പോള്‍ മൈക്ക് കെട്ടി പ്രസംഗിക്കുകയും പൊലീസിനോട് കയർക്കുകയും ചെയ്ത എം.എല്‍.എയെ ഒഴിവാക്കിയത് ആരെ ഭയന്നിട്ടാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ചോദിച്ചു.

Tags:    
News Summary - Kannur Town SI had a fallout after arguing with M. Vijin MLA -Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.