പാലക്കാട്: എരിവ് കുടുതലാണെങ്കിലും കാഴ്ചയിൽ കാന്താരി ചെറിയ മുളകാണ്. എന്നാൽ, വിലയിൽ അങ്ങനെയല്ല, എരിവുപോലെതന്നെ. വില കേട്ടാൽതന്നെ കണ്ണിൽനിന്നും മൂക്കിൽനിന്നും ഒരുപോലെ വെള്ളം വരും. 1500 രൂപയാണ് ഒരു കിലോ കാന്താരിയുടെ ഇപ്പോഴത്തെ വിപണി വില. കുരുമുളകിനേക്കാൾ ഇരട്ടി.
കൊളസ്ട്രോൾ കുറയാനും ഹൃദ്രോഗം പ്രതിരോധിക്കാനും നല്ലതാണെന്ന പ്രചാരണമാണ് തനി നാടനായ കാന്താരിയെ വിപണിയിൽ താരമാക്കിയത്. അതിന് പുറമെ, വാണിജ്യാടിസ്ഥാനത്തിൽ കാന്താരി കൃഷി കേരളത്തിൽ ഇനിയും വ്യാപകമാകാത്തതിനാൽ ആവശ്യത്തിനനുസരിച്ചുള്ള ലഭ്യതക്കുറവും വില കൂടാൻ കാരണമായി. കാന്താരി മുളക് കൊളസ്ട്രോൾ കുറക്കുമെന്നതിനും ഹൃദ്രോഗം ഇല്ലാതാക്കുമെന്നതിനും ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
സംസ്ഥാനത്ത് മലയോര പ്രദേശങ്ങളിലാണ് കാന്താരി വ്യാപകമായി കണ്ടുവരുന്നത്. റബർ തോട്ടങ്ങളിൽ സ്വാഭാവികമായി വളരും. മുളകിന് ഔഷധഗുണമുണ്ടെന്ന് പ്രചരിച്ചതോടെ നഗര പ്രദേശങ്ങളിലും ചെടി ആളുകൾ വളർത്താൻ തുടങ്ങിയിട്ടുണ്ട്. മലയോര മേഖലകളിൽനിന്ന് ശേഖരിച്ചാണ് വിപണിയിൽ എത്തിക്കുന്നത്. ഇവർക്ക് ആയിരം രൂപയിൽ താഴെയാണ് കിലോക്ക് ലഭിക്കുന്നത്. പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ കാന്താരി മുളക് കൃഷി വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.