അഖിൽ കക്കോടിയിലെ വീട്ടിൽ

അമ്മ ആശുപത്രിയിലായി; അഖിലിന്‍റെ കിടപ്പ് വിസർജ്യത്തിൽ

കക്കോടി: ഭക്ഷണം വായിൽ കിട്ടിയാൽ കഴിക്കുന്ന അഖിലിന് എടുത്തു കൊടുക്കാൻ ആളില്ല. ഇരുകാലുകളും കൈകളും തളർന്ന മുപ്പത്തിയൊന്നുകാരനായ കക്കോടി പറമ്പത്ത് താഴത്ത് അഖിലിന് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് നടക്കാൻ പരസഹായം വേണം. വിശക്കുമ്പോഴോ വേദനിക്കുമ്പോഴോ ഒച്ചയുണ്ടാക്കുന്ന അഖിലിനെ ഇപ്പോൾ കേൾക്കാൻ വീട്ടിൽ ആരുമില്ല. പിതാവ് മരിച്ച അഖിലിന്‍റെ മാതാവ് ആഴ്ചയിലധികമായി അത്യാസന്ന നിലയിൽ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ഐ.സി.യുവിലാണ്.

പരിചരിച്ച മാതാവ് ശ്രീദേവി വീട്ടിലില്ലാതായതോടെ അഖിലിന്‍റെ കിടപ്പ് വിസർജ്യത്തിലാണ്. നല്ലവരായ ചിലർ എത്തിച്ചു കൊടുക്കുന്ന ഭക്ഷണം കരുതലോടെ വായിൽ വെച്ചു കൊടുത്താൽ കഴിക്കും. വീട്ടിൽ ഭക്ഷണം വെച്ചു പോരാൻ ഇപ്പോൾ ആർക്കും ധൈര്യമില്ല. ഒറ്റ വാതിൽ പോലുമില്ലാത്ത വീട്ടിൽ തെരുവുനായ്ക്കൾ എത്തുന്നത് യുവാവിന് ഏറെ അപകടം വരുത്തുകയാണ്. നിലത്തു കൂടെ ഇഴഞ്ഞ് നീങ്ങുന്നതിനാൽ കൈകളിലും കാലുകളിലും വ്രണമാണ്. സംസാര ശേഷിയില്ലാത്ത യുവാവിന് കേൾവിയും പാതിയേയുള്ളൂ. എല്ലും തോലുമായ അഖിൽ ശരിയാംവണ്ണം ഭക്ഷണം കഴിച്ചിട്ട് ഏറെ കാലമായി.

അഖിലിന് കക്കോടി പാലിയേറ്റിവ് സെന്‍ററിലെ നഴ്സ് ഭക്ഷണം കൊടുക്കുന്നു 

വീടകം മലമൂത്രവിസർജ്യങ്ങളിലായതിനാൽ ദുർഗന്ധം മൂലം തിരിഞ്ഞു നോക്കാൻ സമീപവാസികൾ പോലും മടിക്കുകയാണ്. മനുഷ്യ ജീവന്‍റെ തുടിപ്പ് കാണുന്നതിനാൽ അലിവു തോന്നിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മനോജ്, അരുൺ ലാൽ, ഷിബുലാൽ, സലാം, പി.എം. ബൈജു, അജീഷ് എന്നിവർ വാർഡ് അംഗം ഹരിദാസിന്‍റെ നേതൃത്വത്തിൽ അഖിലിനെ ദിവസവും വൃത്തിയാക്കുകയാണ്. എത്ര കഴുകി വൃത്തിയാക്കിയാലും നേരം വെളുക്കുമ്പോഴേക്കും വിസർജ്യത്തിൽ കുഴയുന്ന അവസ്ഥയാണ്. ബന്ധുക്കളാരും തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതിയാണ് വാർഡ് അംഗം ഉൾപ്പെടെയുള്ളവർക്ക്. കേസെടുക്കുമെന്ന് എലത്തൂർ പൊലീസ് അറിയിച്ചതിനെ തുടർന്നാണ് മുത്തസഹോദരൻ എത്തി മാതാവിനെ ശുശ്രൂഷിക്കുന്നതത്രെ.

കൃത്യമായി ഭക്ഷണവും പരിചരണവും ലഭിച്ചാൽ ഈ യുവാവിനെ ജീവിതത്തിലേക്ക് കൊണ്ടുവരാനാകുമെന്ന് കക്കോടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് വിഭാഗം പറയുന്നു. അമ്മയുടെ തിരിച്ചു വരവ് കാത്തിരുന്നാൽ യുവാവിന്‍റെ ജീവൻ അപകടത്തിലാകും. വൃത്തിഹീനമായ വീട്ടിൽ ഒറ്റക്ക് യുവാവിനെ കിടത്തിയാൽ മറ്റു രോഗങ്ങൾ പിടിപെടുകയും ചെയ്യും. പാലിയേറ്റിവ് സെന്‍ററിലെ നഴ്സ് കൊടുത്ത ഭക്ഷണം ആർത്തിയോടെ കഴിക്കുന്നത് കണ്ടപ്പോൾ യുവാവിന്‍റെ വിശപ്പിന്‍റെ കാഠിന്യം അമ്പരപ്പിക്കുന്നതായിരുന്നു. അമ്മയുടെ കരുതലില്ലാത്ത അഖിലിന് മരുന്നും ഭക്ഷണവും കാരുണ്യമതികളിൽ നിന്ന് കിട്ടുമെന്ന പ്രതീക്ഷയിലാണ്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.