കടകംപള്ളി സുരേന്ദ്രൻ

ശബരിമല യുവതീപ്രവേശന വിധി തെറ്റെന്ന് കോടതിക്ക് ബോധ്യമായി, സർക്കാർ ജനവികാരത്തിനൊപ്പം -കടകംപള്ളി സുരേന്ദ്രൻ

പത്തനംതിട്ട: ശബരിമലയിലെ യുവതീപ്രവേശന വിധിയിൽ പഴയനിലപാടിൽനിന്ന് മറുകണ്ടംചാടി മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. യുവതീപ്രവേശന വിധി തെറ്റാണെന്ന് സുപ്രീം കോടതിക്ക് മനസിലായി. അതിനാലാണ് വർഷങ്ങളായി പുഃപരിശോധനാ ഹരജി പരിഗണിക്കാത്തത്. ജനവികാരം മാനിക്കുന്ന സർക്കാറാണിത്. ഈ വിഷയം ഇനിയും ചർച്ച ചെയ്യേണ്ടതില്ലെന്നാണ് തോന്നുന്നത്. സർക്കാർ സുപ്രീംകോടതി വിധിയെ ഭരണഘടനാപരമായി മാനിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും പമ്പയിൽ ആഗോള അയ്യപ്പ സംഗമത്തിനെത്തിയപ്പോൾ കടകംപള്ളി പറഞ്ഞു. മന്ത്രിയായിരുന്നപ്പോൾ കോടതി വിധി നടപ്പാക്കാനാണ് തീരുമാനമെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്.

“അത് അടഞ്ഞ അധ്യായമാണ്, വീണ്ടും തുറക്കേണ്ട കാര്യമില്ല. ജനവികാരം മാനിക്കുന്ന സർക്കാറാണിത്. സുപ്രീംകോടതി വിധി തെറ്റാണെന്ന് ജനകീയ അഭിപ്രായം വന്നു. അത് പിന്നീട് കോടതിക്കും ബോധ്യമായി. വിശാലബെഞ്ചിന് വിട്ട വിഷയം വർഷങ്ങളായി പരിഗണിച്ചിട്ടില്ല. അവരുടെ നിലപാട് തെറ്റാണെന്ന് ബോധ്യമായതിന്‍റെ പശ്ചാത്തലത്തിലായിരിക്കും അങ്ങനെ ചെയ്തത്. ഈ വിഷയം ഇനിയും ചർച്ച ചെയ്യേണ്ടതില്ലെന്നാണ് തോന്നുന്നത്. അയ്യപ്പ ഭക്തർ യുവതീപ്രവേശനത്തിന് എതിരാണെന്ന് അവർക്ക് മനസ്സിലായി. അത് കണക്കിലെടുക്കാതെ വിധി പുറപ്പെടുവിച്ചത് തെറ്റായെന്ന് അവർക്ക് തോന്നിയിട്ടുണ്ടാകും. സർക്കാർ സുപ്രീംകോടതി വിധിയെ ഭരണഘടനാപരമായി മാനിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ” -കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ശബരിമല യുവതീപ്രവേശനം കഴിഞ്ഞ അധ്യായമാണെന്നും സി.പി.എം വിശ്വാസികൾക്കൊപ്പമാണെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ പ്രീണനമാണ് ലക്ഷ്യമിടുന്നതെന്ന പ്രചരണം വർഗീയവാദികളുടേതാണ്. ഒരു വിശ്വാസത്തിനും എതിരായ നിലപാട് സ്വീകരിക്കുന്ന സമീപനം പാർട്ടിക്കില്ല. അയ്യപ്പ സംഗമവുമായി മുന്നോട്ടു പോകുമെന്നും വർഗീയവാദികളാണ് ഇതിന് വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

“ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരുടെ താൽപര്യം പരിഗണിച്ച് ദേവസ്വം ബോർഡാണ് അയ്യപ്പ സംഗമം നടത്താൻ തീരുമാനിച്ചത്. അതിന് രാജ്യവ്യാപകമായി അംഗീകാരം ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മതത്തേയും വിശ്വാസത്തേയും കൈകാര്യം ചെയ്യുന്നവർ വർഗീയവാദികളാണ്. ആ വർഗീയവാദികളാണ് അയ്യപ്പ സംഗമത്തിന് വ്യത്യസ്ത നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുന്നത്. അവർ വിശ്വാസത്തെ ഒരു ഉപകരണമാക്കുന്നു. ആ പ്രചരണത്തിനൊപ്പം നിൽക്കാൻ സി.പി.എമ്മില്ല. വിശ്വാസികൾക്കൊപ്പമാണ് ഞങ്ങൾ.

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദം കോടതി വിധിയുമായി ബന്ധപ്പെട്ട് ഉയർന്നതാണ്. ഇപ്പോൾ അതിലേക്ക് കടന്നുപോകേണ്ടതില്ല. അതെല്ലാം കഴിഞ്ഞുപോയ അധ്യായമാണ്. അതിനേക്കുറിച്ച് ഒന്നും പറയാനുദ്ദേശിക്കുന്നില്ല. അടുത്ത തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ പ്രീണനമാണ് ലക്ഷ്യമിടുന്നതെന്ന പ്രചരണം വർഗീയവാദികളുടേതാണ്. ഒരു വിശ്വാസത്തിനും എതിരായ നിലപാട് ഇന്നലെയും ഇന്നും നാളെയും സ്വീകരിക്കുന്ന സമീപനം പാർട്ടിക്കില്ല. ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും വിശ്വാസികളാണ്” -എം.വി. ഗോവിന്ദൻ പറഞ്ഞു.

ഭക്തർക്ക് എന്ത് ഗുണമെന്ന് പന്തളം കൊട്ടാരം

അതേസമയം, സെപ്റ്റംബർ 20ന് പമ്പയിൽ സർക്കാരും ദേവസ്വം ബോർഡും ചേർന്നു നടത്തുന്ന ആഗോള അയ്യപ്പ സംഗമം കൊണ്ട് അയ്യപ്പ ഭക്തർക്ക് എന്ത് ഗുണമുണ്ടെന്ന് വ്യക്തമാക്കണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടു. 2018 ലെ നാമജപ ഘോഷയാത്രകളിൽ പങ്കെടുത്ത ഭക്തജനങ്ങൾക്കെതിരെ സ്വീകരിച്ച നടപടികളും പൊലീസ് കേസുകളും എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നാണ് പന്തളം കൊട്ടാരം ആവശ്യപ്പെടുന്നത്. ഇനി ഒരിക്കലും ഭക്തജനങ്ങൾക്കും അവരുടെ വിശ്വാസങ്ങൾക്കും മേൽ 2018 ൽ സ്വീകരിച്ചതുപോലെ ഉള്ള നടപടികൾ ഉണ്ടാക്കില്ല എന്ന ഉറപ്പും ഭക്തജനങ്ങൾക്ക് നൽകാൻ സർക്കാരും ദേവസ്വം ബോർഡും തയ്യാറാകണമെന്ന് കൊട്ടാരം നിർവാഹകസംഘം ജനറൽ സെക്രട്ടറി എം.ആർ. സുരേഷ് വർമ ആവശ്യപ്പെട്ടു.

Tags:    
News Summary - Kadakampally Surendran says Supreme Court Verdict on Sabarimala women Entry was Wrong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.