കോഴിക്കോട്: ആംബുലൻസ് അടക്കമുള്ള വാഹനങ്ങളിൽ ഇടിച്ചിട്ട് നിർത്താതെ പോയ കാപ്പാ കേസ് പ്രതിയെ നാട്ടുകാർ വളഞ്ഞിട്ട് തല്ലി. കോഴിക്കോട് കുറ്റ്യാടി നീലേച്ചുകുന്നിലാണ് സംഭവം. മന്താട്ടിൽ അജ്മലിനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയുമാണ് പൊലീസ് സാന്നിധ്യത്തിൽ ആൾക്കൂട്ടം മർദിക്കുകയും വിചാരണ നടത്തുകയും ചെയ്തത്. ഇന്നലെ വൈകീട്ടാണ് സംഭവം. യുവാവിന്റെ കൈകാലുകൾ കെട്ടിയിട്ടാണ് തല്ലിയത്. അടിപിടി കേസും മയക്ക് മരുന്ന് കച്ചവടവും അടക്കം നിരവധി കേസുകളിൽ പ്രതിയായ അജ്മലിനെ പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച കക്കട്ടിൽവെച്ച് അജ്മലും യുവതിയും സഞ്ചരിച്ച കാർ, ഓട്ടോറിക്ഷയിൽ ഇടിച്ച് നിർത്താതെ പോയിരുന്നു. സംഭവത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇന്നലെ ഈ കാർ കണ്ടെത്തുകയും പൊലീസ് പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുകയും ചെയ്തു. പിന്തുടരുന്നതറിഞ്ഞ് അതിവേഗത്തിലാണ് അജ്മൽ കാർ ഓടിച്ചുപോയത്. അതിനിടെ ആംബുലൻസിൽ ഉൾപ്പെടെ മൂന്ന് വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു. എന്നിട്ടും നിർത്താതെ പോയ വാഹനം നീലേച്ചുകുന്നിൽ എത്തിയപ്പോഴാണ് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്.
തുടർന്ന് കാറിൽ നിന്ന് പിടിച്ചിറക്കി മർദിക്കുകയായിരുന്നു. എന്നാൽ പൊലീസ് തടയാൻ ശ്രമിച്ചില്ല. ഇവരുടെ കൈയിൽ മയക്കുമരുന്നുണ്ടായിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ വാഹനത്തിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.