വീയപുരം കോയിക്കൽ ജങ്ഷന് കിഴക്ക് ഭാഗത്ത് വെള്ളംകയറിയ വീട്
ഹരിപ്പാട്: മഴക്ക് നേരിയ ശമനം ഉണ്ടായെങ്കിലും അപ്പർ കുട്ടനാട്ടിൽ വെള്ളപ്പൊക്ക ദുരിതത്തിന് ശമനം ആയില്ല. വീയപുരം ചെറുതന പഞ്ചായത്തുകളിലെ ഭൂരിഭാഗം വീടുകളിൽ നിന്നും ഇനിയും വെള്ളം ഇറങ്ങിയില്ല. പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. ജനങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ തന്നെ തുടരുകയാണ്.
വെള്ളത്തിൽ മുങ്ങിയ വീയപുരം- എടത്വ റോഡ്
വീയപുരം, ചെറുതന, പള്ളിപ്പാട്, കരുവാറ്റ, നിരണം, കടപ്ര, എടത്വ, നീരേറ്റുപുറം എന്നീ പഞ്ചായത്തുകളിലാണ് വെള്ളപ്പൊക്കം വലിയ ദുരിതം തീർക്കുന്നത്. പമ്പ, അച്ചൻകോവിൽ ആറുകൾ ഇപ്പോഴും കരകവിഞ്ഞൊഴുകുകയാണ്. തീരത്തെ ഭൂരിഭാഗം വീടുകളുടെ അകത്തുനിന്നും പുറത്തുനിന്നും ഇനിയും വെള്ളം ഒഴിഞ്ഞിട്ടില്ല. തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകൾ മുഴുവൻ തുറന്നെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് തുടരുന്നതിനാൽ ജലനിരപ്പ് സാവധാനമാണ് താഴുന്നത്.
വീയപുരം - എടത്വ റോഡ്, വിയപുരം- മാന്നാർ റോഡ്, വീയപുരം - പരുമല ജങ്ഷൻ റോഡ്, വീയപുരം കാഞ്ഞിരം തുരുത്ത് റോഡ്, തൃപ്പക്കുടം - വെള്ളംകുളങ്ങര റോഡ് തുടങ്ങി പ്രധാന റോഡുകളിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഇനിയും ഒഴിഞ്ഞിട്ടില്ല. സാഹസികമായാണ് പലതും ഇതുവഴി യാത്ര ചെയ്യുന്നത്. ഇരുചക്ര വാഹനത്തിൽ പോലും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇതുവഴിയുള്ള ഗതാഗതം പൂർവസ്ഥിതിയിൽ ആയിട്ടില്ല.
വളർത്തുമൃഗങ്ങൾ ഇപ്പോഴും ഉയർന്ന പാലങ്ങളിലും റോഡുകളിലും തന്നെയാണുള്ളത്. വാഹനങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്. വെള്ളപ്പൊക്ക ദുരിതബാധിതർക്കായി വിയപുരത്തും പരിസര പ്രദേശങ്ങളിലുമായി ഏഴ് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. വീയപുരം ചെറുതന പഞ്ചായത്തുകളിലെ ഓണക്കാല പച്ചക്കറി കൃഷികൾ പൂർണമായും നശിച്ചത് കർഷകർക്ക് കനത്ത നഷ്ടമുണ്ടാക്കി. കാലാവസ്ഥ അനുകൂലമാണെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ വെള്ളം ഇറങ്ങി പോകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.