താരാ മോഹൻ
പത്തനംതിട്ട: തരിശ് നിലങ്ങളെല്ലാം കൃഷിയോഗ്യമാക്കാനും മണ്ണിൽ പൊന്നു വിളയിക്കാനും ഒരു കൃഷി ഓഫിസർ നാട്ടുകാർക്കൊപ്പം നിന്നപ്പോൾ കുറ്റൂർ കൃഷി ഭവന് അവാർഡിന്‍റെ തിളക്കം. തന്‍റെ കഠിനാധ്വാനത്തിനും നിശ്ചയദാർഢ്യത്തിനും അർഹിക്കുന്ന അംഗീകാരം തേടിയെത്തിയപ്പോൾ കൃഷി ഓഫിസർ താരാ മോഹന് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. കാർഷിക മേഖലയിലെ മാതൃക പ്രവർത്തനങ്ങൾക്ക് കുറ്റൂർ കൃഷി ഭവനാണ് ഇത്തവണ സർക്കാറിന്റെ വി.വി. രാഘവൻ അവാർഡ്.
മികച്ച കൃഷി ഭവനുള്ള അവാർഡിനൊപ്പം അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും കുറ്റൂർ കൃഷി ഭവന് ലഭിക്കും. മൂന്ന് വർഷമായി ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിക്കുന്ന താരാ മോഹന്‍റെ ജീവിതം കുറ്റൂരിലെ കർഷകർക്കൊപ്പമാണ്. തരിശ് നിലങ്ങളെ കൃഷിയോഗ്യമാക്കി പച്ചക്കറി, വാഴ, കിഴങ്ങ് വർഗങ്ങൾ എന്നിവയുടെ കൃഷി വ്യാപിപ്പിച്ചതാണ് കുറ്റൂരിന്‍റെ പ്രധാന നേട്ടം. ഉൽപാദന മേഖലയിൽ 25, മൂല്യവർധിത മേഖലയിൽ മൂന്ന്, സേവന മേഖലയിൽ ഒന്ന് എന്നിങ്ങനെ 29 കൃഷിക്കൂട്ടങ്ങൾ രൂപവത്കരിച്ച് കൃഷി വിപുലപ്പെടുത്തി.
കരിമ്പ് കർഷകരുടെ കൂട്ടായ്മ രൂപവത്കരിച്ച് ശർക്കര വിപണനം ശക്തിപ്പെടുത്തി. ‘വൺ കെ.ബി വൺ പ്രൊഡക്റ്റ്’ പദ്ധതിയുടെ ഭാഗമായി ശർക്കരക്ക് വ്യാപക പ്രചാരണം നൽകി. വെൺപാല നാച്ചുറൽസ് എന്ന പേരിൽ ശർക്കര ബ്രാൻഡ് ചെയ്ത് കേരളഗ്രോ ബ്രാൻഡിങ് നേടി. കഴിഞ്ഞ ഓണം സീസണിൽ ജില്ലയിലെ വിവിധ കൃഷി ഭവനുകൾക്ക് കുറ്റൂരിൽ നിന്ന് 14500 കിലോ ശർക്കര വിതരണം ചെയ്തു.
കർഷകർക്ക് സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാക്കാനും സൗജന്യമായി സസ്യസുരക്ഷാ മരുന്നുകൾ നൽകാനുമായി പ്ലാന്റ് ഹെൽത്ത് ക്ലിനിക് സ്ഥാപിച്ചു.
കൃഷിയിടത്തിൽ ഏത് സമയവും കൃഷി ഓഫിസർ എത്തിച്ചേരുകയും സൗജന്യമായി മരുന്നുകളും വിത്തുകളും വിതരണം ചെയ്യുകയും ചെയ്യുന്നു. കൃഷി ഓഫിസർ താര മോഹൻ നേതൃത്വം നൽകുന്ന ടീസംഘത്തിൽ കൃഷി അസിസ്റ്റന്റുമാരായ ബിന്ദു എ, സ്മിത ജേക്കബ്, ദീപിക എം.കെ എന്നിവരും പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.