സി.കെ. ജാനുവിന് കോഴ നൽകിയെന്ന കേസിൽ കെ. സുരേന്ദ്രന്‍റെ ശബ്ദസാമ്പിൾ ഇന്ന് ശേഖരിക്കും

കൊച്ചി: സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ ശബ്ദസാമ്പിള്‍ ഇന്ന് ശേഖരിക്കും. കൊച്ചി കാക്കാനാട്ടെ ചിത്രഞ‌്ജലി സ്റ്റുഡിയോയിൽ വെച്ചാണ് സാമ്പിൾ എടുക്കുക. രാവിലെ 11 ന് സ്റ്റുഡിയോയിൽ എത്താന് സുരേന്ദ്രന് നോട്ടീസ് നൽകിയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

കേസിലെ പ്രധാന സാക്ഷിയും ജെ.ആർ.പി നേതാവുമായ പ്രസീത അഴീക്കോടിന്‍റെ ശബ്ദസാമ്പിളും ഇന്ന് ശേഖരിക്കും. രാവിലെ ഒൻപതരക്കാണ് പ്രസീദയുടെ ശബ്ദസാമ്പിളെടുക്കുക. എൻ.ഡി.എ സ്ഥാനാർഥിയാകാൻ സി.കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് തെളിവ് ശേഖരണം. കേസിൽ സുരേന്ദ്രൻ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്‌.

സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴ കേസിൽ ബത്തേരി മജിസ്ട്രേറ്റ് കോടതിയാണ് കെ. സുരേന്ദ്രന്‍റെയും പ്രസീത അഴീക്കോടിന്‍റെയും ശബ്ദ സാമ്പിള്‍ ശേഖരിക്കാന്‍ അനുമതി നല്‍കിയത്. ഇരുവരുടെയും ശബ്ദ സാമ്പിള്‍ പരിശോധനക്ക് അനുമതി തേടി ക്രൈംബ്രാഞ്ചാണ് കോടതിയെ സമീപിച്ചത്. ജെ.ആർ.പി ട്രഷറർ പ്രസീത അഴീക്കോടും കെ.സുരേന്ദ്രനും തമ്മിലെ ഫോൺ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പുവരുത്താനാണ് ശബ്ദ പരിശോധന.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. 2021 മാർച്ച് മാസം തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് 10 ലക്ഷം രൂപയും ബത്തേരിയിലെ ഹോംസ്റ്റേയിൽ വെച്ച് 25 ലക്ഷം രൂപയും സി.കെ ജാനുവിന് കൈമാറിയെന്നാണ് ആരോപണം. 

Tags:    
News Summary - K Surendran's voice sample will be collected today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.