ഡി.ജി.പി റവാഡ ചന്ദ്രശേഖർ
തൃശൂർ: തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ച 13 പേരിൽ അഞ്ച്പേരുടെ പോസ്റ്റുമോർട്ടം കഴിഞ്ഞു. ഇതിൽ അഞ്ച് പേരുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു. ഇവരിൽ നാലുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. 11 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളതെന്ന് തൃശൂർ കലക്ടർ ശിഖസുരേന്ദ്രൻ പറഞ്ഞു. അതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. രണ്ടുപേർ വെന്റിലേറ്ററിൽ കഴിയുന്നു. ആറു പേരുടെ നില തൃപ്തികരമാണ്. മൂന്നു പേരുടെ മൃതദേഹം ഇതുവരെ ബന്ധുക്കൾക്ക് വിട്ടു നൽകി.
അപകടസ്ഥലം സന്ദർശിക്കാൻ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ അൽപസമയത്തിനുള്ളിൽ എത്തും. അപകടം നടന്ന് 18 മണിക്കൂർ പിന്നിടുമ്പോഴാണ് ഡി.ജി.പി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നത്. അപകടത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി ഡി.ജി.പി അറിയിച്ചു. അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ എണ്ണം ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല.
സംഭവസ്ഥലത്ത് നിന്ന് മൃതദേഹങ്ങളുടെ ഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ തിരച്ചിൽ തുടരുകയാണ്. അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴികൾ പൊലീസ് വിശദമായി രേഖപ്പെടുത്തി വരികയാണ്. ഇന്നലെ അപകടം നടന്ന ഉടൻ തന്നെ തൃശൂർ സിറ്റി കമീഷ്ണറും ഡി.ഐ.ജിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത് ഡി.ജി.പി പറഞ്ഞു.
തൃശൂർ നഗരത്തിനടുത്ത് മുണ്ടത്തിക്കോട്ടാണ് ഇന്നലെ ഉച്ചക്ക് ശേഷം 3.20ഓടെ ദുരന്തമുണ്ടായത്. 13 പടക്ക നിർമാണ തൊഴിലാളികളാണ് മരിച്ചത്. ശരീരങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. സമീപത്തെ അഞ്ച് കെട്ടിടങ്ങൾ തകർന്നു. നിരവധി വീടുകൾക്ക് വിള്ളൽ വീണു.
തിരുവമ്പാടി ദേവസ്വം വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശിന്റെ ഉടമസ്ഥതയിലുള്ള ആറ് വെടിപ്പുരകളിലാണ് ഉഗ്ര സ്ഫോടനമുണ്ടായത്. മരിച്ചതിൽ വെന്നൂർ സ്വദേശി സുദർശനൻ (54), കുമരനല്ലൂർ സ്വദേശി വാസുദേവൻ (54), കുണ്ടന്നൂർ സ്വദേശി സുവിൻ (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
മുണ്ടത്തിക്കോട് കുട്ടംകുളത്തുള്ള നിർമാണശാലയിലായിരുന്നു സ്ഫോടനം. മൂന്നര മുതൽ രാത്രി എട്ടര വരെ തുടർസ്‌ഫോടനങ്ങളാണ് പ്രദേശത്ത് ഉണ്ടായത്. 30ലധികം പേർ വെടിക്കെട്ടുപുരയിൽ ജോലിയിലുണ്ടായിരുന്നു. ഏപ്രിൽ 24ന് തൃശൂർ പൂരത്തിന്റെ ഭാഗമായ സാമ്പിൾ വെടിക്കെട്ടിനും 27ന് പുലർച്ചയുള്ള പ്രധാന വെടിക്കെട്ടിനുമുള്ള കരിമരുന്നാണ് പൊട്ടിത്തെറിച്ചത്.
തീയും പുകപടലങ്ങളും പടർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് അടുത്തേക്ക് എത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. വെടിക്കെട്ടിനാവശ്യമായ പടക്കങ്ങള്‍, ഗുണ്ട്, അമിട്ട് തുടങ്ങിയ സാമഗ്രികളാണ് പൊട്ടിത്തെറിച്ചത്. കനത്ത ചൂടായതിനാല്‍ ഏതു ഭാഗത്തു നിന്നാണ് തീപടര്‍ന്നതെന്ന് നിശ്ചയമില്ല. ചിന്നിച്ചിതറിയ ശരീരഭാഗങ്ങള്‍ പൊലീസും അഗ്‌നിശമന സേന ഉദ്യോഗസ്ഥരും നാട്ടുകാരും ചാക്കിലാക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.