തൃ​ശൂ​ർ മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ളും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്
ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ൾ      ഫോട്ടോ: എ​ച്ച്. ജ​ദീ​ർ

ചിന്നിച്ചിതറി മുണ്ടത്തിക്കോട്...

തൃശൂർ: കനത്ത വേനലിൽ കരിഞ്ഞുണങ്ങിയ പാടത്ത് നിമിഷങ്ങൾ കൊണ്ട് ചോര പൂത്തു. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീശന്റെ ഉടമസ്ഥതയിലുള്ള രണ്ടരയേക്കർ പാടത്ത് സ്ഥാപിച്ച ആറ് വെടിപ്പുരകളിൽ ആഘോഷവും സന്തോഷവും നിറഞ്ഞ അന്തരീക്ഷം പെട്ടെന്നാണ് കൊടിയ ദുരന്തത്തിന് വഴിതുറന്നത്.

ചൊവ്വാഴ്ച ഉച്ചക്ക് 40 ഊണുകളാണ് വെടിപ്പുരയിലേക്ക് ഓർഡർ ചെയ്തിരുന്നത്. വൈകുന്നേരം 35 ചായക്കും ഓർഡർ നൽകിയിരുന്നു. ചായ എത്തുന്നതിന് മുമ്പ് ദുരന്തം വെടിപ്പുരകളുടെ പടികടന്നെത്തി. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 3.20നാണ് പൊട്ടിത്തെറി തുടങ്ങിയത്. തൃശൂർ ജില്ലയിലെ ചില പ്രദേശങ്ങളിൽ 40 ഡിഗ്രിയോടടുത്താണ് ചൂട്. സംഭവം നടന്ന പാടത്തിന് ചുറ്റും വലിയ മരങ്ങളും മറ്റുമുള്ളതിനാൽ ചൂടിന് നേരിയ ശമനമുണ്ടായിരുന്നു. രാത്രി വളരെ വൈകിയും പടക്കങ്ങളും കുഴിമിന്നിയും പൊട്ടിക്കൊണ്ടിരുന്നു.

മുണ്ടത്തിക്കോട് ഭാഗത്ത് ഭൂകമ്പമുണ്ടായി എന്ന നിലക്കാണ് ആദ്യം വാർത്ത പ്രചരിച്ചത്. മാധ്യമപ്രവർത്തകരുടെ ഗ്രൂപ്പിലും ആ നിലക്കാണ് വാർത്തകൾ വന്നത്. പിന്നീടാണ് യാഥാർഥ്യം മനസ്സിലായത്. പരിസര പ്രദേശങ്ങളിലുള്ളവരും ആദ്യം ഭൂകമ്പമാണെന്നാണ് കരുതിയത്. വീടുകളുടെ ജനൽ ചില്ലുകൾ അടക്കം തകർന്നു. സംഭവമറിഞ്ഞെത്തിയ ആളുകൾക്ക് അടുക്കാൻ കഴിയാത്ത വിധമായിരുന്നു പൊട്ടിത്തെറി.

പ​ട​ക്ക​നി​ർ​മാ​ണ ശാ​ല​ക്ക് സ​മീ​പം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​വ​ർ

ആറ് മണിക്കൂറോളം തുടർച്ചയായി വെടിക്കോപ്പുകൾ പൊട്ടിത്തെറിച്ചു. മൃതദേഹങ്ങൾ പലതും ചിന്നിച്ചിതറിയ നിലയിലായിരുന്നു. വെടിപ്പുരയിൽ സ്ത്രീകളും പ്രായമായവരും അടക്കം 40നടുത്ത് തൊഴിലാളികളാണുണ്ടായിരുന്നത്. പല മൃതദേഹങ്ങളും തീർത്തും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്.

പാടശേഖരത്തിൽ നിരത്തിയിരുന്ന എല്ലാ വെടിക്കോപ്പുകളും പൊട്ടിത്തീർന്നു എന്ന് ഉറപ്പാക്കാനുള്ള ശ്രമം രാത്രിയും തുടർന്നു. പാടത്തേക്ക് ഫയർഫോഴ്സിന്റെ വാഹനങ്ങൾ എത്താൻ കഴിയാതിരുന്നതും രക്ഷാപ്രവർത്തനം ഏറെ വൈകാൻ കാരണാമായി. താൽക്കാലിക വഴി നിർമിച്ചാണ് അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾ സംഭവ സ്ഥലത്തെത്തിയത്. രക്ഷാപ്രവർത്തനത്തിനിടെയും സ്ഫോടനം ഉണ്ടായത് ആശങ്കക്ക് ഇടവരുത്തി.

തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്ന നഗരത്തിലെ റൗണ്ടിൽനിന്ന് 18 കിലോമീറ്റർ മാറിയാണ് മുണ്ടത്തിക്കോട്. തൃശൂർ മെഡിക്കൽ കോളജിൽനിന്ന് അഞ്ച് കിലോമീറ്ററാണ് ദൂരം. അപകടത്തിൽ ചിതറിത്തെറിച്ചവരെ ആംബുലൻസുകളിൽ മെഡിക്കൽ കോളജിലേക്കാണ് എത്തിച്ചത്. മെഡിക്കൽ കോളജിലും കണ്ടുനിൽക്കാൻ കഴിയാത്ത കാഴ്ചകൾക്കാണ് സാക്ഷ്യംവഹിച്ചത്. ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധന രാത്രി വളരെ വൈകിയും നടക്കുകയാണ്. മെഡിക്കൽ കോളജിൽ എത്തിച്ച മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം രാത്രിയും തുടരുകയാണ്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അടക്കമുള്ള ജനപ്രതിനിധികളും കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

Tags:    
News Summary - Mundathikode is scattered...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.